500 കപ്പലുകൾ; പുതിയ നാഴികകല്ല് പിന്നിട്ട് വിഴിഞ്ഞം
തിരുവനന്തപുരം: വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് പത്ത് മാസത്തിനുള്ളിൽ പുതിയ നാഴികകല്ല് പിന്നിട്ട് വിഴിഞ്ഞം. ചുരുങ്ങിയ കാലയളവിൽ 500 കപ്പലുകളാണ് വിഴിഞ്ഞത് വന്നെത്തിയത്. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ ആയ എംഎസ്സി ഐറിന അടക്കം ദക്ഷിണേഷ്യയിൽ ആദ്യമായി ബെർത്ത് ചെയ്ത കപ്പലുകളും കൂട്ടത്തിലുണ്ട്.
ഇന്ന് പുലർച്ചെ എംഎസ്സി വെറോണ തുറമുഖത്ത് നഖൂരമിട്ടതോടെയാണ് നേട്ടം. ലോക ചരക്കു കപ്പൽ ഗതാഗതത്തിൽ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിൻ്റെ തെളിവാണ് പുതിയ നേട്ടമെന്ന് മന്ത്രി വി എൻ വാസവൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽവെച്ച് ഏറ്റവും ആഴംകൂടിയ ഡ്രാഫ്റ്റുള്ള കണ്ടെയ്നർ കപ്പലായ എംഎസ്സി വെറോണ ചെവ്വാഴ്ച രാവിലെയാണ് തുറമുഖത്ത് നങ്കൂരമിട്ടത്. ഇത്തരത്തിൽ ഒരു ദിവസം രണ്ട് റെക്കോർഡാണ് വിഴിഞ്ഞം സ്വന്തമാക്കിയത്. ഓരോ ഘട്ടവും ഉറച്ച ചുവടോടെ വിഴിഞ്ഞം വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തനം തുടങ്ങിയത് മുതൽ വിഴിഞ്ഞം നേട്ടങ്ങളോടെയാണ് മുന്നേറിയത്. ഒമ്പത് മാസത്തിനുള്ളിൽ 10 ലക്ഷം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്ത്. കൺസഷൻ കരാർ പ്രകാരം ആദ്യവർഷം ആകെ 3 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചത്.
2024 ഡിസംബർ മൂന്നിനാണ് വിഴിഞ്ഞത്ത് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ ഡിസംബർ ആകുമ്പോഴേക്കും 13-14 ലക്ഷം വരെ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പ്, യു എസ്, ആഫ്രിക്ക, ചൈന അടക്കമുള്ള ലോകത്തെ പ്രധാന സമുദ്ര വാണിജ്യ മേഖലകളിലേക്ക് നേരിട്ടുള്ള സർവീസുകൾ തുടങ്ങാൻ കഴിഞ്ഞതാണ് വിഴിഞ്ഞത്തിന്റെ കുതിപ്പിന്റെ വേഗം കൂട്ടിയത്.