കൈരളി റിപ്പോർട്ടർ സുലേഖയെ അധിക്ഷേപിച്ച സംഭവം: വളരെ തരംതാഴ്ന്ന പ്രയോഗം, രാജീവ് ചന്ദ്രശേഖർ മാപ്പ് പറയണമെന്ന് മന്ത്രി വി ശിവൻകുട്ടി
കൈരളി റിപ്പോർട്ടർക്കെതിരായ അധിക്ഷേപത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനാകാതെ വിഭ്രാന്തിയിലായിരിക്കുകയാണ് . ബി.ജെ.പി. മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളെ കേരളം ഒരിക്കലും സ്വീകരിക്കില്ലാ എന്ന് അദ്ദേഹത്തിന് വ്യക്തമായിക്കഴിഞ്ഞു. ആ നിരാശയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലും വാർത്താ സമ്മേളനങ്ങളിലും നിഴലിച്ചു കാണുന്നത്.
സ്വന്തം മകളുടെ പ്രായത്തിലുള്ള മാധ്യമ പ്രവർത്തകയെ രോഷാകുലനായി ‘നീ’ എന്നൊക്കെ അഭിസംബോധന ചെയ്യുന്ന നിലയിലേക്ക് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് തരംതാണിരിക്കുന്നു. ആ മാധ്യമ പ്രവർത്തകയോട് പരസ്യമായി മാപ്പു പറയാൻ ഭീഷണിയുടെ ഭാഷയിൽ ശ്രമിച്ച രാജീവ് ചന്ദ്രശേഖർ തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകർ അവരുടെ തൊഴിലാണ് ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ കഴിയുമായിരിക്കും. കേരളത്തിൽ അത് പ്രയാസമാണ്. രാജീവ് ചന്ദ്രശേഖർ എന്ത് പറയുമ്പോഴും ഭീഷണിയുടെ സ്വരം വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ആണ് കൈരളി റിപ്പോർട്ടറെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം ഉണ്ടാകുന്നത്. ബിജെപി നേതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ‘നീ’ എന്ന് ആക്രോശിച്ചത് സുലേഖക്ക് നേരെയാണ്. ‘കൈരളി ആണേല്‍ നീ അവിടെ നിന്നാല്‍ മതി, നീ ചോദിക്കരുത്, നിനക്ക് കാണിച്ചു തരാം’ എന്നൊക്കെയായിരുന്നു അദ്ദേഹം കനത്ത ശബ്ദത്തിൽ ഭീഷണിപ്പെടുത്തിയത്.