വന്യമൃഗ സംഘർഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
മാനന്തവാടി:ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുമായ ഒ ആർ കേളുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപയും കിഫ്ബി ധനസഹായമായി എട്ട് കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്.
കൂടാതെ രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെയും പദ്ധതികൾ നടപ്പാക്കി.
വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനായി വിവിധ പ്രദേശങ്ങളിൽ ഇതിനോടകം തന്നെ സോളാര്‍ തൂക്ക് വേലി നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ വിനിയോഗിച്ചാണ് തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ അരണപ്പാറ റേഷൻ കട മുതൽ തോൽപ്പെട്ടി വരെയും, മുത്തുമാരി മുതൽ ചാത്തനാട് വരെയും ഓലഞ്ചേരി മുതൽ കാപ്പിക്കണ്ടി വരെയും, ഇരുമ്പുപാലം മുതൽ കാപ്പിക്കണ്ടി വരെയും, കാപ്പിക്കണ്ടി കാളിന്ദി ഉന്നതി വരെയും, പാൽ വെളിച്ചം മുതൽ ബാവലി വരെയും തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മേലെ വരയാൽ മുതൽ താരാബായി വരെയും, പനമരം ഗ്രാമപഞ്ചായത്തിലെ ദാസനക്കര മുതൽ കൂടൽ കടവ് വരെയും സോളാർ തൂക്ക് വേലി നിർമിച്ചത്.
കിഫ്ബി ധനസഹായമായ എട്ട് കോടി രൂപ വിനിയോഗിച്ച് പനമരം ഗ്രാമപഞ്ചായത്തിലെ ദാസനക്കര മുതൽ നീർവാരം വരെയും മാനന്തവാടി നഗരസഭയിലെ കൂടൽക്കടവ് മുതൽ പാൽവെളിച്ചം വരെയും വന്യമൃഗ പ്രതിരോധ പ്രവൃത്തികൾക്കായി ക്രാഷ് ഗാർഡ് റോപ് ഫെൻസിങ് സംവിധാനവും ഒരുക്കി.
സംസ്ഥാനത്തു തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയായതിനാല്‍ കിഫ്ബി നിര്‍ദേശ പ്രകാരം സാങ്കേതിക വിദഗ്ധരുടെ കമ്മിറ്റി രൂപീകരിച്ചാണ് ഈ പദ്ധതിക്ക് അനുമതി നല്‍കിയത്. വന്യമൃഗ സംഘര്‍ഷം നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും എംഎല്‍എമാരുടേയും യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് ആദ്യഘട്ടത്തില്‍ പാല്‍വെളിച്ചം മുതല്‍ കൂടല്‍ക്കടവ് വരെ പദ്ധതി നടപ്പിലാക്കിയത്.
രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം വടക്കേ വയനാട്ടിലെ തച്ചറക്കൊല്ലി-മുത്തുമാരി, അമ്പലക്കണ്ടി രണ്ടാംപുഴ, പാണ്ടുരംഗ പ്രദേശങ്ങളിൽ സോളാർ തൂക്കുവേലി നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഭർഗരി-തോൽപ്പെട്ടിയിൽ സോളാർ തൂക്കുവേലി നിർമാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പായിമൂല- ബാവലി ചെക്ക് പോസ്റ്റ്, 43-ാം മൈൽ – 44-ാം മൈൽ, റസ്സൽക്കുന്ന് കോളനിക്ക് ചുറ്റും, താരഭായി വിവേക് എസ്റ്റേറ്റ് എന്നിവിടങ്ങളിലും സോളാർ തൂക്കുവേലി നിർമാണം പൂർത്തിയായി.
മാനന്തവാടിയിൽ വനം വകുപ്പിന്റെ ദ്രുതകർമ സേനയ്ക്ക് വാഹനം വാങ്ങുന്നതിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
വനപ്രദേശങ്ങൾക്ക് സമീപമുള്ള മേഖലകളിൽ താമസിക്കുന്നവരുടെയും കൃഷി ചെയ്യുന്നവരുടെയും ജീവിതത്തിനും തൊഴിലിനും കൃഷിക്കും വന്യജീവി ആക്രമണങ്ങൾ വലിയ വെല്ലുവിളിയായി മാറിയിരുന്നു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വളര്‍ത്തു മൃഗങ്ങള്‍, സ്വത്തുവകകള്‍ എന്നിവയ്ക്ക് നിരന്തരം നഷ്ടമുണ്ടാവുകയും ചെയ്തസാഹചര്യത്തിലാണ് എംഎൽഎയുടെ ഇടപെടലിലൂടെ കഴിഞ്ഞ ഒന്നരവർഷമായി വിവിധ പദ്ധതികൾ നടപ്പാക്കിയത്.
വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ ജനങ്ങൾക്കും പ്രദേശവാസികൾക്കും ഏറെ ആശ്വാസകരമാണ് ഇപ്പോഴത്തെ നടപടികളെന്ന് ചാലിഗദ്ദ പ്രദേശവാസിയും കർഷകനുമായ സണ്ണി ജോർജ് പറഞ്ഞു. വന്യമൃഗ ശല്യം പാടേ കുറഞ്ഞ സാഹചര്യത്തിൽ കർഷകർക്കും ഏറെ ആശ്വാസമാണ്.
സാധാരണയായി സോളാര്‍ ഫെന്‍സിങ്, എലിഫന്റ് പ്രൂഫ് വാള്‍, റെയില്‍ ഫെന്‍സ്, സ്റ്റോണ്‍ പിച്ച്ഡ് ഫെന്‍സ്, സ്റ്റീല്‍ ഫെന്‍സിങ് എന്നിവയാണ് വന്യജീവി ആക്രമണം തടയാനായി വനാതിര്‍ത്തികളില്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇത്തരം ക്രമീകരണങ്ങള്‍ കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് ഇപ്പോൾ മുന്‍ഗണന നൽകുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് മനുഷ്യ-വന്യജീവി സംഘര്‍ഷം പ്രതിരോധിക്കാനുള്ള പദ്ധതികൾക്കായി മാനന്തവാടിയിൽ എംഎൽഎ ഫണ്ട് അനുവദിച്ചത്. ഇതിന്റെ ചുവടുപിടിച്ച് ഇപ്പോൾ സംസ്ഥാനത്ത് പലയിടത്തും ഇത്തരം പദ്ധതികൾ നടപ്പാക്കിവരികയാണ്.