‘എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു’, ദൈവത്തെക്കുറിച്ചുള്ള പരാമർശത്തിലെ വിവാദത്തിന് പിന്നാലെ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്
ദില്ലി: ക്ഷേത്രത്തിലെ വിഗ്രഹം പുനസ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ഹർജി പരിഗണിക്കവേ നടത്തിയ ‘ദൈവത്തോട് പോയി പറയു’ എന്ന പരാമർശത്തിന്മേലുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി രംഗത്ത്. താൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിലെ കേടുപാടുകൾ സംഭവിച്ച വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ഹർജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശമാണ് വിവാദമായത്.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, ഒരു പ്രസ്താവനയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഒരു മതത്തെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇന്ത്യയുടെ മതനിരപേക്ഷതയിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. എല്ലാ മതങ്ങളോടും എനിക്ക് ആഴമായ ബഹുമാനമുണ്ട്. എന്റെ പ്രസ്താവന ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ അതിൽ ഞാൻ ഖേദിക്കുന്നു,” അദ്ദേഹം പറഞ്ഞു.
തന്റെ പരാമർശങ്ങൾ ആരെയും വേദനിപ്പിക്കാൻ വേണ്ടിയിരുന്നില്ലെന്നും, കേസിന്റെ സന്ദർഭത്തിൽ മാത്രമാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി മുറിയിലെ സംഭാഷണങ്ങൾ ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണെന്ന് ആവർത്തിച്ചുകൊണ്ട് അദ്ദേഹം പ്രസ്തതാവന അവസാനിപ്പിച്ചു