Feature NewsNewsPopular NewsRecent Newsവയനാട്

വയനാട് മെഡിക്കൽ കോളേജിൽ ഗ്രീൻ സോൺ സംവിധാനം വിപുലീകരിച്ചു; കൂടുതൽ ഡോക്ട‌ർമാരെ നിയോഗിക്കുമെന്ന് മാനന്തവാടി താലൂക്ക് വികസന സമിതി യോഗം

‘മാനന്തവാടി:മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേര്‍ന്നുള്ള ഗ്രീന്‍ സോണില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതായിതാലൂക്ക് തല വികസന സമിതി യോഗത്തില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ സായാഹ്ന ഒ.പി ഇല്ലാത്ത സാഹചര്യത്തില്‍ വൈകുന്നേരങ്ങളില്‍ എത്തുന്ന രോഗികള്‍ക്കായാണ് ഗ്രീന്‍ സോണില്‍ കൂടുതല്‍സൗകര്യങ്ങള്‍ ഒരുക്കിയതെന്ന് സൂപ്രണ്ട് അറിയിച്ചു. ഗ്രീന്‍ സോണില്‍ അധിക ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. മെഡിക്കല്‍ കോളേജില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ക്യാഷ് കൗണ്ടര്‍ ആരംഭിച്ചു. ഒ. പി കൗണ്ടറില്‍ കൂടുതല്‍ ജീവനക്കാരുടെ സേവനം ഉറപ്പാക്കി പ്രവര്‍ത്തനം സുഗമമാക്കുമെന്നും യോഗത്തില്‍ സൂപ്രണ്ട് പറഞ്ഞു. മെഡിക്കല്‍ കോളേജ് മള്‍ട്ടിപര്‍പ്പസ് ബ്ലോക്കിന് സമീപത്തെ റോഡ് പണി ഉടന്‍ ആരംഭിക്കും. മെഡിക്കല്‍ കോളേജ് പരിസരത്തെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു. ഉന്നതികളിലെ 2960 വീടുകളില്‍ വൈദ്യുത സുരക്ഷാ സംവിധാനം ഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചതായിട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. പുളിഞ്ഞാല്‍ – വെള്ളമുണ്ട ബസ് റൂട്ടിലെ നിര്‍ത്തിവെച്ച സര്‍വീസ് പുനഃരാരംഭിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലനിധി പദ്ധതിയിലൂടെ ലഭ്യമാക്കുന്ന ജലം പരിശോധിച്ച് ശുദ്ധത ഉറപ്പുവരുത്തണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അധ്യക്ഷന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കണിയാരം സ്വദേശിനിയുടെ വീടിന് അപകട ഭീഷണിയായി നിലനില്‍ക്കുന്നഇലക്ട്രിക്ക് പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ വികസന സമിതി യോഗത്തില്‍ അടിയന്തര നിര്‍ദ്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, മാനന്തവാടി തഹസില്‍ദാര്‍ എ.ജെ അഗസ്റ്റിന്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *