മുള്ളൻകൊല്ലി കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് നിരപരാധി ആയ കാനാട്ട്മല തങ്കച്ചൻ (അഗസ്റ്റിൻ) ന് 17 ദിവസത്തെ ജയിൽവാസം
പുൽപ്പള്ളി:- മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് ഗ്രൂപ്പുകളിയിൽപ്പെട്ട നിരപരാധിയായ കോൺഗ്രസ് പ്രവർത്തകന് 17 ദിവസത്തെ ജയിൽ ശിക്ഷ . കേസിനാസ്പദമായ യഥാർത്ഥ പ്രതിയെ ശനിയാഴ്ച പോലീസ് പിടികൂടി. മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ (അഗസ്റ്റിൻ 46) ആണ് കോൺഗ്രസ് ഗ്രൂപ്പ് വഴക്കിൽപ്പെട്ട് ജയിലിൽ ആയത്. തങ്കച്ചൻ പ്രതിയായ കേസ് ഉരുത്തിരിയുന്നത് 2025 ഓഗസ്റ്റ് 22 നാണ്. അന്നേദിവസം രാത്രി 11 മണിയോടെ തങ്കച്ചന്റെ വീട്ടിലെത്തിയ പുൽപ്പള്ളി പോലീസ് ഇയാളെ ഉറക്കത്തിൽ നിന്നും വിളിച്ചു എഴുന്നേൽപ്പിച്ചു. തങ്ങൾക്ക് കിട്ടിയ രഹസ്യ വിവരപ്രകാരം തങ്കച്ചന്റെ കാറിൽ കർണാടകയിൽ നിന്നുള്ള മദ്യം, സ്ഫോടക വസ്തുക്കൾ എന്നിവ സൂക്ഷിച്ചിട്ടുണ്ട് എന്നും വാഹനം പരിശോധിക്കണമെന്നും പോലീസ് തങ്കച്ചന് അറിയിച്ചു . വീടിനോട് ചേർന്നുള്ള ഷെഡിൽ കിടന്ന കെ.എൽ. 73 ഡി 71 20 നമ്പർ കാർ തങ്കച്ചൻ തുറന്നുകാണിച്ചെങ്കിലും കാറിനുള്ളിൽ നിന്നോ വീടിന്റെ പരിസരത്തുനിന്നോ പൊലീസിന് സംശയസ്പദമായി ഒന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല .ഈ സമയത്ത് പോലീസിനു മറ്റൊരു ഫോൺകോൾ വന്നു .ഇതേ തുടർന്ന് പോലീസ് കാറിന്റെ അടിയിൽ പരിശോധന നടത്തിയപ്പോൾ ഒരു പൊതിക്കെട്ട് കണ്ടെടുത്തു. കർണാടകയിൽ വിപണനം നടത്തുന്ന 20 പാക്കറ്റ് മദ്യം,കരിങ്കൽ ക്വാറികളിൽ ഉപയോഗിക്കുന്ന 12 സെറ്റ് സ്ഫോടക വസ്തുക്കൾ എന്നിവയായിരുന്നു ഈ പൊതിക്കെട്ടിൽ ഉണ്ടായിരുന്നത് .ഇവ താൻ കൊണ്ടുവന്നത് അല്ലെന്നും കാറിനു പുറത്ത് അടിയിൽ നിലത്തു കിടന്ന പൊതി മറ്റാരോ കൊണ്ടുവന്നിട്ടതാണെന്നും തങ്കച്ചൻ പറഞ്ഞെങ്കിലും പോലീസ് അത് വിശ്വാസത്തിൽ എടുത്തില്ല. എത്രയും പെട്ടെന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ജാമ്യം ഇല്ലാത്ത വകുപ്പുകൾ ചേർത്ത് പ്രതിയെ ജയിലിൽ അടക്കുവാൻ ആയിരുന്നു പുൽപ്പള്ളി പോലീസിന് താല്പര്യം. കോടതിയിൽ ഹാജരാക്കിയ തങ്കച്ചനെ റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു . തങ്കച്ചന്റെ വീട് മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനി നദിയോട് ചേർന്നാണ് ഉള്ളത് .തീരദേശ റോഡിനോട് ചേർന്നുള്ള വീടിന് ഗേറ്റോ ചുറ്റുമതി ഇല്ല വീ.ട്ടിൽ സി.സി.ടി.വി ക്യാമറയുമില്ല .തുടക്കം മുതലേ ഈ കേസ് കെട്ടിച്ചമച്ചതാണെന്നും പുൽപ്പള്ളി പോലീസിന് പ്രതിയെ പിടികൂടി ജയിലിൽ അടയ്ക്കാൻ അമിതാവേശം കാണിച്ചെന്നും സംശയമുയർന്നിരുന്നു. തുടർന്ന് തങ്കച്ചന്റെ ഭാര്യയും മകനും ചേർന്ന് പുൽപ്പള്ളിയിൽ വാർത്താസമ്മേളനം വിളിച്ചുചേർക്കുകയും വയനാട് ജില്ല പോലീസ് സൂപ്രണ്ടിന് ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തു. എസ്.പി.യുടെ നിർദ്ദേശപ്രകാരം നടത്തിയ വിശദമായ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതിയായ പ്രസാദ് പുത്തൻപറമ്പിലിനെ പോലീസ് പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രസാദ് കർണാടകയിൽ നിന്നും സ്ഫോടവസ്തുക്കളും മദ്യവും വാങ്ങിയ സ്ഥലങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇയാളോടൊപ്പം മറ്റു 6-പേർ കൂടി പ്രതികൾ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരുന്നു .തങ്കച്ചനെ പ്രതിയാക്കിയതിനു പിന്നിൽ ഗൂഢാലോചന നടക്കുന്നത് ജൂലൈ 12ന് പാടിച്ചിറയിൽ നടന്ന മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം വികസന സെമിനാറിനോട് അനുബന്ധിച്ചു നടന്ന കോലാഹലങ്ങളോടനുബന്ധിച്ചാണ്. ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പങ്കെടുത്ത സെമിനാറിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിയമനം സംബന്ധിച്ച് വാക്ക് തർക്കം ഉണ്ടായി. ഇതിനിടയിൽപ്പെട്ട് ഡി.സി.സി പ്രസിഡന്റ് കാൽവഴുതി വീഴുകയും ഇത് ഡി.സി.സി പ്രസിഡണ്ടിനെ കയ്യേറ്റം ചെയ്തതാണെന്നും ആരോപണം ഉയരുകയും തോമസ് പാഴൂക്കാല ജോർജ് എടപ്പാട്ട്, സുനിൽ പാലമറ്റം,സാജൻ കടുപ്പിൽ എന്നിവരെ പാർട്ടിയിൽനിന്ന് കെ.പി.സി.സി. പുറത്താക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾക്കിടയിൽ കേസിൽ പ്രതിയായ തങ്കച്ചൻ സ്റ്റേജിൽ കയറുകയും മൈക്കിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായും മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു .ഇത് ഔദ്യോഗിക പക്ഷത്തിന് വലിയ അപമാനമായി തോന്നിയതിന്റെ തുടർച്ചയാണ് ഈ വ്യാജ മദ്യവും സ്ഫോടകവസ്തുക്കളും തങ്കച്ചന്റെ വീട്ടുമുറ്റത്തെത്തുവാൻ കാരണമായതെന്നാണ് ഇപ്പോൾ അറിയുന്നത്. എന്നാൽ കോൺഗ്രസിന്റെ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ പുൽപ്പള്ളി പോലീസ് കക്ഷി ചേർന്നതാണ് ഈ നിരപരാധിയെ ജയിലിൽ അടയ്ക്കുവാൻ കാരണമായത് .തങ്കച്ചന്റെ കാറിന്റെ അടിയിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന് പുൽപ്പള്ളി പോലീസിന് വിവരം നൽകിയത് ഒരു റിട്ടയേർഡ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ആണെന്ന് അറിയുന്നു. പിടികൂടിയ വസ്തുക്കൾ സംബന്ധിച്ച വിശദമായി അന്വേഷണം നടത്തുവാൻ പുൽപ്പള്ളി പോലീസ് തയ്യാറാകാതിരുന്നതും ഈ കേസ് സംബന്ധിച്ച ദുരൂഹത വർദ്ധിപ്പിക്കുന്നു.