ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയൽ, കേരള മോഡൽ ലോകശ്രദ്ധയിൽ
കണ്ണൂർ: ആരോഗ്യരംഗത്തെ മറ്റൊരു കേരള മോഡൽകൂടി ലോകശ്രദ്ധ നേടുന്നു. ആൻറിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും തടയാൻ നടത്തുന്ന പ്രവർത്തനങ്ങളാണ് അന്തർദേശീയ ശ്രദ്ധയും പ്രശംസയും നേടുന്നത്. ‘ആൻറിമൈക്രോബിയൽ റെസിസ്റ്റൻസിൽ കേരളത്തിൻറെ അനുഭവം’ എന്ന ലേഖനം സൊസൈറ്റി ഫോർ ഹെൽത്ത് കെയർ എപിഡമിയോളജി ഓഫ് അമേരിക്കയുടെ ജേണലിൽ പ്രസിദ്ധീകരിച്ചു. സർക്കാറിന്റെ നയവും നിലപാടും പ്രതിബദ്ധതയും എങ്ങനെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങൾ സാധ്യമാക്കുന്നുവെന്ന് ലേഖനത്തിൽ വിശദീകരിക്കുന്നു.
ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്
ആൻറിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം രോഗാണുക്കൾ മരുന്നിനുമേൽ ആർജിക്കുന്ന പ്രതിരോധമാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ). ആരോഗ്യരംഗത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് ലോകാരോഗ്യ സംഘടന ഇതിനെ കാണുന്നത്. മരുന്ന് ഫലിക്കാതായാൽ ചികിത്സാ കാലയളവ്, ചെലവ്, മരണനിരക്ക് എന്നിവ ഉയരും. ആന്റിബയോട്ടിക് പ്രതിരോധംമൂലം ഒരുവർഷം ലോകത്ത് 10 ലക്ഷം ആളുകൾ മരിക്കുന്നതായാണ് കണക്കാക്കുന്നത്.
നിശ്ചയദാർഢ്യം വഴി നേട്ടത്തിലേക്ക്
കേരള ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കർസാപ്പ്) 2018-ൽ തുടങ്ങി. ഇന്ത്യയിൽ ആദ്യം.
ആദ്യമായി ആന്റിബയോഗ്രാം പുറത്തിറക്കി. അണുക്കൾക്ക് ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി മനസ്സിലാക്കി ക്രോഡീകരിക്കുന്നതാണ് റിപ്പോർട്ട്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന് വിലക്ക്. ദുരുപയോഗം തടയാൻ ഓപ്പറേഷൻ അമൃത് വഴി പരിശോധന.
ആന്റിബയോട്ടിക്കുകൾ നീല കവറിൽമാത്രം.
ആന്റിബയോട്ടിക് സ്മാർട്ട് ആസ്പത്രികൾ.
ഏകാരോഗ്യം സമീപനം. എല്ലാ വകുപ്പുകളെയും യോജിപ്പിച്ച പ്രവർത്തനം.
14 ജില്ലാ എഎംആർ കമ്മിറ്റികൾ, 191 ബ്ലോക്ക് എഎംആർ കമ്മിറ്റികൾ.
ഹബ് ആൻഡ് സ്പോക്ക് മോഡൽ വഴി ആസ്പത്രികളിൽനിന്നുള്ള എഎംആർ നിരീക്ഷണം. ജില്ലാ/ജനറൽ ആസ്പത്രികൾ ഹബ്. താലൂക്ക് ആസ്പത്രി, സിഎച്ച്സി മുതലായവ സ്പോക്ക്.ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ബോധവത്കരണം.
ആസ്പത്രികളിൽ കുറിപ്പടി ഓഡിറ്റ്.
ഉപയോഗം കുറഞ്ഞു
ഏതാണ്ട് 15,000 കോടി രൂപയുടെ മരുന്നുകളാണ് സംസ്ഥാനത്ത് വിൽക്കുന്നത്. ഇതിൽ 15 ശതമാനത്തോളം ആന്റിബയോട്ടിക്കുകളായിരുന്നു. ബോധവത്കരണവും കർശന നിയന്ത്രണവും വന്നശേഷം ഉപയോഗത്തിൽ 30 ശതമാനത്തോളം കുറവുണ്ടായി.