മെഡിക്കല്‍ കോളേജ് പേര്യയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതില്‍ ഗൂഢാലോചനയും അട്ടിമറിയും: മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മറ്റി
കല്‍പ്പറ്റ:ജില്ലയ്ക്കായി അനുവദിച്ച മെഡിക്കല്‍ കോളേജ് മടക്കി മലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി സര്‍ക്കാരിലേക്ക് വിട്ട് നല്‍കിയ ഭൂമിയില്‍ സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് ഇറക്കുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും പ്രവര്‍ത്തി ഉദ്ഘാടനം ചെയ്യുകയും ചെയ്തതിനുശേഷം അത് പേര്യാ വില്ലേജിലെ ഗ്ലന്‍ ലെവല്‍ എസ്റ്റേറ്റില്‍ നിന്നും ഏറ്റെടുത്ത ഭൂമിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഡാലോചനയും അട്ടിമറിയും നടന്നതായി സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിളിച്ചു ചേര്‍ന്ന മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മറ്റി ആരോപിച്ചു.മടക്കി മലയില്‍ മെഡിക്കല്‍ കേളേജിനായി കണ്ടെത്തിയ ഭൂമിയില്‍ ചില പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മറ്റൊരു ഭൂമി കണ്ടെത്തണമെന്ന് 12.2.19ല്‍ ആരോഗ്യകുടുംബക്ഷേമ വകുപ്പ് വയനാട് ജില്ലാ കലക്ടറോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ കലക്ടറുടെ നേതൃത്ത്വത്തില്‍ വിദഗ്ധരടങ്ങുന്ന സമിതി വയനാട് ജില്ലയില്‍ ഇതിനായി കണ്ടെത്തിയ മൂന്നു സ്ഥലങ്ങളില്‍ പരിശോധന നടത്തി 21.1.21 ാം തീയ്യതി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്താനും സാവകാശം അത് പേര്യയിലേക്ക് മാറ്റുന്നതിനും തീരുമാനിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ മടക്കി മലയിലെ ഭൂമി മെഡിക്കല്‍ കോളേജിന് അനുയോജ്യമായ ഭൂമി അല്ല എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന് മത്രമല്ല ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളൊഴിച്ചാല്‍ ഈ ഭൂമിയില്‍ ആശുപത്രി നിര്‍മ്മാണത്തിന് യാതൊരു തടസ്സവുമില്ല എന്നാണ് പറഞ്ഞിരുന്നത്. അതിനാല്‍ മടക്കിമലയില്‍ നിന്ന് മെഡിക്കല്‍ കോളേജ് പറിച്ചു നടുന്നതിനായി സര്‍ക്കാര്‍ കണ്ടെത്തിയ ഒരേ ഒരു ന്യായം ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ നല്‍കിയതായി പറയുന്ന റിപ്പോര്‍ട്ടാണ്. എന്നാല്‍ ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ഈ ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കോ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനോ പറ്റാത്ത എന്തെങ്കിലും പ്രശ്നങ്ങളോ തടസ്സങ്ങളോ ഉള്ളതായി പറയുന്നില്ല. ഇനി അഥവ അത്തരത്തിലുള്ള വല്ല പ്രശ്നങ്ങളും ഉള്ളതായി റിപോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെങ്കില്‍ തന്നെ. കൂടുതല്‍ വിദ്ഗധരടങ്ങിയ സംഘങ്ങളോക്കൊണ്ടോ സ്ഥാപനങ്ങളെക്കൊണ്ടോ വിശദമായ പഠനം നടത്തിക്കുന്നതിന് ശ്രമിക്കാതെ തിടുക്കത്തില്‍ മെഡിക്കല്‍ കോളേജ് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാത്രവുമല്ല ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ഈ ഭൂമി സംബന്ധമായ ഗുരുതര പരാമര്‍ശങ്ങള്‍ഉണ്ടായിരുന്നെങ്കില്‍ പിന്നെ എങ്ങിനെയാണ് കലക്ടറുടെ നേത്വത്ത്വത്തിലുള്ള വിദഗ്ധ സമിതി ഇവിടെ നിര്‍മ്മാണം തുടങ്ങുന്നതിന് തടസ്സമില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ജില്ലാ കലക്ടറായി ചുമതലയേറ്റ ഡോ. രേണുരാജും മടക്കിമലയിലെ ഭൂമി മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് അനുയോജ്യമായതാണ് എന്ന് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ പരിഗണിക്കുക പോലും ചെയ്തില്ല.പേര്യയില്‍ കണ്ടെത്തിയ ഭൂമി പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നതും അതീവ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉള്ളതും വനഭൂമിയോടും ചുരത്തോടും ചേര്‍ന്നു കിടക്കുന്നതും പരിസ്ഥിതി ദുര്‍ബല പ്രദേശവും വന്യമൃഗ ശല്യം നേരിടുന്നതും മാവോയിസ്റ്റ് സാന്നിധ്യമുള്ളതുമായ പ്രദേശമാണ്. വയനാട് ജില്ലയിലെ ഏറ്റവും വടക്കെ അതിരിലായി സ്ഥിതിചെയ്യുന്ന ഈ സ്ഥലം മെഡിക്കല്‍ കോളേജിനായി തിരഞ്ഞെടുത്തതില്‍ അട്ടിമറിയും ഗൂഢാലോചനയും നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ ജില്ലാ സെക്രട്ടറിയായ കെ.വി ഗോകുല്‍ദാസ് കേരള ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തത്. ഹരജി പരിഗണിച്ച ഹൈക്കോടതി പരാതിക്കാര്‍ നല്‍കിയ നിവേദനം പരിഗണിച്ച് മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മറ്റി മറ്റ് സംഘടനകളും പ്രസ്ഥാനങ്ങളുമായി യോജിച്ച് വിപുലമായ യോഗം 30.8.25 ാം തീയ്യതി കല്‍പ്പറ്റ എം. ജി.റ്റി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുകയും ഇതിനായി ബഹു ജന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വിവിധ സംഘടനകളും പ്രസ്ഥാനങ്ങളുമായി സഹകരിച്ച് 17.9.25 ാം തീയ്യതി വയനാട് ജില്ലാ കലക്റേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തുന്നതിന് തീരുമാനിച്ചു.യോഗത്തില്‍ ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ. എം. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി. ഗോകുല്‍ദാസ് സ്വാഗത പ്രസംഗം നടത്തി. ആക്ഷന്‍ കമ്മറ്റി രക്ഷാധികാരി അഡ്വ. വി. പി. എല്‍ദോ മുഖ്യ പ്രഭാഷണം നടത്തി. വയനാട് ചേബര്‍ ഓഫ് കോമേഴ്സിന്റെ പ്രസിഡണ്ട് ജോണി പാറ്റാനി യോഗം ഉത്ഘാടനം ചെയ്തു. മറ്റ് സംഘടനകളെയും പ്രസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് വിജയന്‍ മടക്കിമല, സുജാത കോട്ടവയല്‍, വര്‍ഗ്ഗീസ് വട്ടേക്കാട്, സാം. പി. മാത്യൂ, ജോണ്‍ തയ്യില്‍, ജോസഫ് വള്ളിനാല്‍, സി.എച്ച് സജിത് കുമാര്‍, വസന്ത പനമരം, ചന്ദ്രന്‍ വൈക്കത്ത് എന്നിവര്‍ സംസാരിച്ചു