ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ ഇനി വേണ്ട; കുറ്റം ആവർത്തിച്ചാൽ കർശന നടപടി, സുപ്രധാന ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു
ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ ഉപയോ ഗിക്കുന്നവർക്ക് മൂന്ന് വർഷം തടവോ പിഴയോ ഏർപ്പെടുത്തുന്ന ബില്ലാണ് രാഷ്ട്രപതി പാസാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ലോകസഭയിലും രാജ്യസഭയിലും ബില്ല് പാസാക്കിയിരുന്നു.
ദി പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ബില്ലിലൂടെ പണം വച്ചുള്ള ചൂതാട്ടം, ആപ്ലിക്കേഷനുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കും. ഓൺലൈൻ ആപ്പുകളുടെ മറവിൽ നടക്കുന്ന ബെറ്റിംഗും മറ്റ് സാമ്പത്തിക തട്ടിപ്പുകളും തടയുക എന്നതാണ് ബില്ലിൻ്റെ ലക്ഷ്യം.
ഗെയിമിംഗ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്നവരെയും പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികളെയും ബില്ല് ലക്ഷ്യമിടുന്നുണ്ട്. ആപ്പുകളുടെ പരസ്യത്തിൽ അഭിനയിക്കുന്നവർക്ക് 50 ലക്ഷം രൂപയും രണ്ട് വർഷം വരെ തടവും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ അഞ്ച് വർഷം വരെ തടവും രണ്ട് കോടി രൂപ പിഴയും.
ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ബില്ല് സഹായിക്കുന്നു. ബില്ല് പ്രാബല്യത്തിൽ വരുന്ന തീയതി ഉടൻ അറിയിക്കുമെന്ന് ഇലക്ട്രോണിക്സസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചു.