Event More NewsFeature NewsNewsPoliticsPopular NewsRecent News

‘യജമാനരല്ല’, ഓഫീസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി

കൊച്ചി: ജനങ്ങളെ മറക്കുന്ന ഉദ്യോഗസ്ഥര്‍, ജനാധിപത്യത്തിന്റെ ലക്ഷ്യം തന്നെയാണു മറക്കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനുഷ്യത്വത്തോടെ പെരുമാറിയില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പരാജയമാകും. ബ്യൂറോക്രാറ്റുകള്‍ ജനാധിപത്യത്തിന്റെ സേവകരാണ്, യജമാനരല്ലെന്നും കോടതി ഓര്‍മിപ്പിച്ചു.തഹസില്‍ദാരുടെ ഓഫിസില്‍ ബഹളം വച്ചെന്നും ഫയല്‍ പിടിച്ചുവാങ്ങി ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ചുള്ള കേസില്‍ കൊല്ലം പട്ടത്താനം സ്വദേശി മണിലാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണപരമായ തീരുമാനങ്ങള്‍ കേവലം കടലാസില്‍ ഒതുങ്ങുന്നതല്ല, ജീവിതത്തെ ബാധിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിക്കുന്നു എന്നതില്‍ ഒതുങ്ങുന്നതല്ല, ജനാധിപത്യത്തിന്റെ വിജയം. ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമായ നിലപാട് ആ ഭരണത്തെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതും പ്രധാനമാണ്. അപേക്ഷകളില്‍ നിയമപരമായി മാത്രം തീരുമാനമെടുക്കാന്‍ വിധിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെരുമാറ്റത്തില്‍ മനുഷ്യത്വം കാത്തുസൂക്ഷിക്കണം. ഓഫിസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.2020 ലാണ് കേസിനാധാരമായ സംഭവം നടന്നത്. മണിലാലിന്റെ ഭാര്യാപിതാവു സ്ഥലം പോക്കുവരവു ചെയ്യാന്‍ അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തഹസില്‍ദാര്‍ അനുവദിച്ചില്ല. പിന്നീട് താലൂക്ക് ഓഫിസിലെ അദാലത്തില്‍ മറ്റൊരാളുടെ സാന്നിധ്യം അനുവദനീയമല്ലെന്നു പറഞ്ഞ് ഹിയറിങ്ങിനു വിസമ്മതിച്ചു. അതോടെ മണിലാല്‍ പ്രകോപിതനായി ക്ലാര്‍ക്കിന്റെ പക്കല്‍ നിന്നു ഫയല്‍ പിടിച്ചുവാങ്ങി മേശപ്പുറത്ത് ഇട്ടെന്നും കസേര നിലത്തടിച്ചെന്നുമായിരുന്നു പരാതി.അസഭ്യം പറഞ്ഞതിനും ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. വിടുതല്‍ ഹര്‍ജിയില്‍ കൊല്ലം മജിസ്‌ട്രേട്ട് കോടതി രണ്ടു വകുപ്പുകള്‍ ഒഴിവാക്കിയെങ്കിലും ജോലി തടസ്സപ്പെടുത്തിയതിനു വിചാരണ നേരിടാന്‍ നിര്‍ദേശിച്ചതു ചോദ്യം ചെയ്താണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബാങ്ക് മാനേജരായ ഹര്‍ജിക്കാരന്‍ ഇത്തരം പെരുമാറ്റം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അനുഭാവപൂര്‍വം പെരുമാറിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നു ഇതെന്നുമാണ് ഹൈക്കോടതി പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *