Event More NewsFeature NewsNewsPoliticsPopular NewsRecent News

കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

വരാമ്പറ്റ: ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്‌കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്നത്.വൈകുന്നേരങ്ങളിൽ ഖോ-ഖോ, ഫുട്ബോൾ, അത്ലറ്റിക്സ് തുടങ്ങിയ കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. കഴിഞ്ഞ വർഷം തുടങ്ങിയ പദ്ധതിയിൽ 200 ഓളം വിദ്യാർത്ഥികളുണ്ട്; ഭൂരിപക്ഷവും ഗോത്ര വിഭാഗത്തിൽ നിന്നുള്ളവർ. സ്‌കൂളിലെ മുൻ പ്രധാനധ്യാപകൻ സി എച്ച് സനൂപിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിക്ക് കായിക അധ്യാപകരായ പി വി ബിപിനേഷും കെ എ ദീപയുമാണ് നേതൃത്വം നൽകുന്നത്. വൈകുന്നേരം 3.30 മുതൽ 5 മണി വരെയാണ് കായിക പരിശീലനം.പദ്ധതി തുടങ്ങിയതിൽപ്പിന്നെ കായിക രംഗത്ത് സംസ്ഥാനതലത്തിൽ തന്നെ നേട്ടങ്ങൾ കൈവരിക്കാൻ വരാമ്പറ്റ ജിഎച്ച്എസിലെ വിദ്യാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ വർഷം കേരള ഖോ-ഖോ ടീമിൽ സ്‌കൂളിൽ നിന്നുള്ള ഒരു ഗോത്ര വിദ്യാർത്ഥി ഇടം നേടി. കഴിഞ്ഞ ആഴ്‌ നടന്ന ജില്ലാ അത്ലറ്റിക് ജൂനിയർ മീറ്റിൽ പങ്കെടുത്ത എട്ട് ഗോത്ര വിദ്യാർത്ഥികളും മെഡലുകൾ നേടി. മികവ് തെളിയിച്ച ‘കുട്ടിയും കോലും’ പദ്ധതിയിലെ വിദ്യാർത്ഥികൾക്കായി അഷ്റഫ് പൊന്നാണ്ടി എന്ന വ്യക്തി ഒരു സൈക്കിൾ സ്പോൺസർ ചെയ്തു. വയനാട് ഡിഡിഇയും ഡിഇഒയും ചേർന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *