ഒക്കല്‍ വിത്തുത്പാദന കേന്ദ്രം രാജ്യത്തെ ആദ്യ സർട്ടിഫൈഡ് കാര്‍ബണ്‍ സന്തുലിത ഫാം
സുസ്ഥിര കൃഷിയിലേക്കുള്ള പുത്തന്‍ ചുവടുവെപ്പായി എറണാകുളം ജില്ലയിലെ ഒക്കല്‍ സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് സീഡ് ഫാമിന്(എസ്എസ്എഫ്) രാജ്യത്തെ ആദ്യ കാര്‍ബണ്‍ സന്തുലിത ഫാമായി ഔദ്യോഗിക അംഗീകാരം. കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്(സിഡബ്ല്യആര്‍ഡിഎം) കൃഷി വകുപ്പിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് എസ്എസ്എഫിന് അംഗീകാരം.
സംസ്ഥാനത്തെ ആറ് വിത്തുത്പാദന കേന്ദ്രങ്ങളിലെ കാര്‍ബണ്‍ പാദമുദ്ര പരിശേധിക്കുന്നതിനുള്ള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ പദ്ധതി ധനസഹായത്തോടെയാണ് പഠനം നടന്നത്. തുടര്‍ന്ന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ സെര്‍ട്ടിഫിക്കേഷന്‍ ബോഡീസ് (എന്‍എബിസിബി) അംഗീകാരമുള്ള കാര്‍ബണ്‍ ചെക്ക് ഇന്ത്യ ലിമിറ്റഡ്(സിസിഐപിഎല്‍) സ്ഥാപനം പഠനം വിലയിരുത്തി.
രാജ്യത്തെ കാലാവസ്ഥാ – സൗഹൃദ കൃഷിക്ക് പുതിയ മാനം നൽകി സംസ്ഥാനത്തെ കാര്‍ബണ്‍ ലേബലോടെയുള്ള ആദ്യ കാര്‍ഷിക ഉല്‍പന്നവും ഒക്കല്‍ എസ്എസ്എഫില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ടണ്ണിന് 1.11 tCO2e കാര്‍ബണ്‍ പാദമുദ്രയോടെയുള്ള പച്ചക്കറി വിത്തുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
ഐപിസിസി, യുഎന്‍എഫ്‌സിസി മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് സിഡബ്ല്യആര്‍ഡിഎം നടത്തിയ പഠനത്തില്‍ 2024-ല്‍ ഫാമില്‍ നിന്നും 221.67 ടണ്‍ (tCO2e) കാര്‍ബണ്‍ തതുല്യവാതകങ്ങള്‍ പുറംതള്ളുന്നതായാണ് കണ്ടെത്തിയത്. ഇത് മുഴുവൻ (കാർബൺ പാദമുദ്ര) യു.എൻ.എഫ്.സി.സി.സി രജിസ്റ്റർ ചെയ്ത പ്രോജക്ട് മുഖേന ഓഫ്‌സെറ്റ് ചെയ്താണ് കാർബൺ ന്യൂട്രൽ അഗ്രികൾച്ചർ ഫാം പദവി നേടിയത്. ഫാമിലെ മൊത്തം കാര്‍ബണ്‍ പുറം തള്ളലിന്റെ 76 ശതമാനവും കൃഷി നിന്നാണെന്നും പഠനം കണ്ടെത്തി. ഇതില്‍ നെല്‍കൃഷിയില്‍ നിന്ന് മാത്രം പുറം തള്ളുന്നത് 149.25 ടണ്‍(CO2e)ആണ് . ഊര്‍ജ്ജ ഉപയോഗം (28.88 ടണ്‍ CO2e), വാഹന ഉപയോഗം(8.91 ടണ്‍ CO2e), കന്നുകാലികള്‍ (8.63 ടണ്‍ CO2e), മാലിന്യ സംസ്‌കരണം (5.93 ടണ്‍ CO2e) എന്നിങ്ങനെ മേഖലകളും രേഖപ്പെടുത്തി. അതേസമയം, മണ്ണ് (627.61 ടണ്‍), ഉപരിതല ബയോമാസ് (111.79 ടണ്‍), ഭൂഗര്‍ഭ ബയോമാസ് (27.95 ടണ്‍) എന്നിവയുള്‍പ്പെടെ 767.34 ടണ്‍ കാര്‍ബണ്‍ സ്റ്റോക്ക് ഫാമില്‍ ഉണ്ടെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാര്‍ബണ്‍ സന്തുലിതമായ ഫാമിന് അംഗീകാരം ലഭിച്ചത്