” സ്കൂൾ സമയത്തിൻ്റെ കാര്യത്തിൽ മത പണ്ഡിതന്‍മാര്‍ വാശി ഉപേക്ഷിക്കണം”; സ്പീക്കർ എ എൻ ഷംസീർ
സ്കൂൾ സമയത്തിൻ്റെ കാര്യത്തിൽ മത പണ്ഡിതന്‍മാര്‍ വാശി ഉപേക്ഷിക്കണമെന്ന് സ്പീക്കർ എ എൻ ഷംസീർ.
ഇസ്ലാമിക രാജ്യങ്ങളിൽ രാവിലെ ഏഴരയ്ക്കും എട്ടു മണിക്കുമാണ് സ്കൂൾ ക്ലാസ്സുകൾ ആരംഭിക്കുന്നതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. കാലത്തിൻ്റെ മാറ്റമനുസരിച്ച് മാറാൻ തയ്യാറാകണമെന്നും കണ്ണൂർ പുല്യോട് ഗവ.എല്‍പി സ്‌കൂള്‍ ഓഡിറോറിയം ഉദ്ഘാടനം ചടങ്ങിൽ സംസാരിക്കവേ സ്പീക്കർ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ രാവിലെ എട്ട് മണിക്കാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്. അവിടെ മദ്രസ പഠനവുമുണ്ട്. കേരളത്തിൽ പത്ത് മണിക്ക് മാത്രമേ സ്കൂൾ ക്ലാസ്സുകൾ ആരംഭിക്കാൻ പാടുള്ളൂ എന്ന വാശി എന്തിനാണെന്നും സ്പീക്കർ എ എൻ ഷംസീർ ചോദിച്ചു. സ്കൂൾ ക്ലാസ് സമയത്തിന് ശേഷം മദ്രസ പഠനം എന്നതിനെക്കുറിച്ച് മതപണ്ഡിതൻമാർ ചിന്തിക്കണലെന്നും സ്പീക്കർ പറഞ്ഞു.
രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ ക്ലാസ്സ് എന്ന ചിന്ത മാറണമെന്നും സ്കൂൾ സമയ മാറ്റത്തിൽ സജീവ ചർച്ച വേണമെന്നും സ്പീക്കർ പറഞ്ഞു. കണ്ണൂർ കതിരൂര്‍ പുല്യോട് ഗവ എൽപി സ്ക്കൂൾ ഓഡിറ്റോറിയം ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗത്തിനിടെയായിരുന്നു സ്പീക്കറുടെ പരാമര്‍ശം.