Feature NewsNewsPopular NewsRecent Newsവയനാട്

വയനാട് നെയ്ത്ത് ഗ്രാമം നവീകരിക്കുന്നു

കല്‍പറ്റ: വടക്കേ വയനാട്ടിലെ തൃശിലേരിയില്‍ വയനാട് പവര്‍ലൂം ആന്‍ഡ് മള്‍ട്ടി പര്‍പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി ഉൽപന്ന നിര്‍മാണ കേന്ദ്രം(വയനാട് നെയ്ത്ത് ഗ്രാമം) എട്ടു ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്നു. ഇതിന് ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പ്ലെയിന്‍ ലൂമുകളുടെയും സെമി ഓട്ടോമാറ്റിക് പവര്‍ ലൂമുകളുടെയും നവീകരണം-ആറ് ലക്ഷം രൂപ, രണ്ട് ഇലക്‌ട്രോണിക് ജ്വാകാര്‍ഡ് മെച്ചപ്പെടുത്തല്‍-ഒരു ലക്ഷം രൂപ, ക്ലോത്ത് ചെക്കിങ് ആന്‍ഡ് ഫോള്‍ഡിങ് മെഷീന്‍ നവീകരണം-ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് ഭരണാനുമതി. ഉൽപാദന ക്ഷമതയുടെ പരിപോഷണം, ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വിപണിയില്‍ വര്‍ധിച്ച പങ്കാളിത്തവും ലാഭവും എന്നീ ലക്ഷ്യങ്ങളോടെയാണ് നവീകരണം നടത്തുന്നത്. ഹാന്‍ഡ് ലൂം ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടറുടെ ജൂലൈ നാലിലെ കത്തും അതേമാസം 18ലെ വ്യവസായ വകുപ്പ് വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലെ ശുപാര്‍ശയും കണക്കിലെടുത്താണ് ഭരണാനുമതി നല്‍കിയത്.
പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ അവിവാഹിത അമ്മമാരുടെ പുനരധിവാസത്തിനു പ്രാമുഖ്യം നല്‍കി രൂപീകരിച്ചതാണ് വയനാട് പവര്‍ലൂം ആന്‍ഡ് മള്‍ട്ടി പര്‍പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. ഇതിനു കീഴില്‍ കൈത്തറി ഉൽപന്ന നിര്‍മാണത്തിന് 2000-2001ലാണ് തുടക്കമായത്. അന്നത്തെ വ്യവസായ മന്ത്രി പരേതയായ സുശീല ഗോപാലനാണ് പ്രോജക്ട് ആദ്യഘട്ടം കമ്മിഷന്‍ ചെയ്തത്. 52 സ്ത്രീകളടക്കം 72 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. സൊസൈറ്റിക്കു കീഴില്‍ നെയ്ത്ത് പരിശീലന കേന്ദ്രവും മാനന്തവാടിയില്‍ ഉൽപന്ന വിപണന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. 40 സാധാരണ പവര്‍ലൂമും 20 സെമി ഓട്ടോമാറ്റിക് പവര്‍ലൂമും 30 വൈഡര്‍ വിഡ്ത്ത് ഹാന്‍ഡലൂമും നെയ്ത്ത് ഗ്രാമത്തിലുണ്ട്. പ്രതിദിനം 80 കിലോഗ്രാം ശേഷിയുള്ളതാണ് നെയ്ത്ത് ഗ്രാമത്തിലെ ഹാന്‍ഡ് ഡൈയിങ് യൂണിറ്റ്.
ഗ്രേ ഫാബ്രിക്‌സ്, യാണ്‍ ഡൈഡ് ചെക്ഡ് ഫാബ്രിക്‌സ്, ലുങ്കി, ദോത്തി, സാരി, ഷര്‍ട്ടിങ്സ്, ബെഡ് ഷീറ്റ്, ടവല്‍, കര്‍ട്ടന്‍ ക്ലോത്ത്, ഹോം ഫര്‍ണിഷിങ് ഫാബ്രിക്‌സ്, ടേബിള്‍ മാറ്റ്, ഫ്‌ളോര്‍ മാറ്റ്,തുടങ്ങിയവ നെയ്ത്ത് ഗ്രാമത്തില്‍ ഉൽപാദിപ്പിക്കുന്നുണ്ട്. 13.40 ഏക്കറിലാണ് നെയ്ത്ത് ഗ്രാമം പ്രവര്‍ത്തനം.

Leave a Reply

Your email address will not be published. Required fields are marked *