Feature NewsNewsPopular NewsRecent News

ജിഎസ്ടി നികുതി ഘടനയിലെ മാറ്റം: സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വരുമാന നഷ്ടം

ജിഎസ്ട‌ി നികുതി ഘടനയിൽ മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം നടപ്പായാൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വരുമാന നഷ്ടം. പ്രതിവർഷം 6000 കോടി മുതൽ 8000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നാളെ ജിഎസ്ട‌ി ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ് സമിതിയുമായി ധനമന്ത്രി നിർമ്മല സീതാരാമൻ കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയിലും തുടർന്ന് നടക്കുന്ന സമിതി യോഗത്തിലും കേരളം ആശങ്ക അറിയിക്കും.

നാല് സ്ളാബുകൾ ഉണ്ടായിരുന്ന ജി.എസ്.ടി നികുതി സമ്പ്രദായം രണ്ടായി ചുരുക്കുമെന്നാണ് പ്രധാന മന്ത്രി സ്വാതന്ത്ര്യ ദിന പ്രഖ്യാപനം 5%, 18% എന്നീ രണ്ട് സ്ളാബായി ജിഎസ്‌ടി നികുതി ചുരുങ്ങുമ്പോൾ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വരുമാന നഷ്ടമാണ്. ആകെ ജിഎസ്‌ടി വരുമാനത്തിന്റെ മുന്നിൽ ഒന്ന് നഷ്ട‌മാകുമെന്നാണ് പ്രാഥമിക കണക്ക്. 6000 കോടി മുതൽ 8000 കോടിരൂപയുടെ നഷ്ടം വരുമെന്നാണ് നിഗമനം. മറ്റ് അനുബന്ധ മാറ്റങ്ങൾ കൂടി പരിഗണിക്കുമ്പോൾ വരുമാന നഷ്ടം ഇനിയും കൂടാനാണ് സാധ്യത ഭരണത്തിന്റെ അവസാന വർഷത്തിൽ, വരുമാനത്തിൽ ഭീമമായ കുറവ് ഉണ്ടാകുന്നത് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കും. മറ്റ് പരിപാടികൾ എല്ലാം മാറ്റിവെച്ച് നികുതിഘടനയിലെ മാറ്റം ഉണ്ടാക്കുന്ന ആഘാതം വിലയിരുത്തുന്ന ജോലികളിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

നാളെ ഡൽഹിയിൽ ജിഎസ്ട‌ി ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ് സമിതി യോഗം വിളിച്ചിട്ടുണ്ട്. 6 അംഗ സമിതിയിൽ അംഗമായ മന്ത്രി ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കും. യോഗത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിലും നികുതി സ്ലാബ് മാറ്റുന്നതിൽ ആശങ്ക അറിയിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. ജിഎസ്‌ടി കൗൺസിൽ തീരുമാനം എടുക്കുന്നതിന് മുൻപ് തന്നെ പ്രധാനമന്ത്രി എകപക്ഷീയമായി നികുതി മാറ്റം പ്രഖ്യാപിച്ചതിലും സംസ്ഥാനത്തിന് എതിർപ്പുണ്ട്. ദീപാവലി സമ്മാനം എന്ന നിലയിലാണ് പ്രധാനമന്ത്രി അവതരിപ്പിച്ചതെങ്കിലും അമേരിക്കയുടെ താരിഫ് സമ്മർദ്ദത്തെ തുടർന്നാണ് നികുതി മാറ്റമെന്നാണ് സംസ്ഥാനത്തിൻ്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *