പൊതുജന പരാതിപരിഹാരം: ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു
കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും പൊതുജനങ്ങളെ നേരിൽ കണ്ട് പ്രശ്‌നങ്ങൾ കേൾക്കുന്നത്.
പൊതുജനങ്ങൾക്കിടയിൽ അടിയന്തിരമായി തീർപ്പാക്കേണ്ട പരാതികൾക്ക് പരിഹാര നടപടികൾ സ്വീകരിക്കുകയാണ് ലക്ഷ്യം.
ജനങ്ങൾക്കായി, ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാരത്തിൻ്റെ ആദ്യഘട്ട പര്യടനം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഓഗസ്റ്റ് 26 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സംഘടിപ്പിക്കും. പരിഹാര പരിപാടിയിലേക്ക് നാളെ (ഓഗസ്റ്റ് 19) മുതൽ 23 വരെ വെങ്ങപ്പള്ളി പഞ്ചായത്ത് പരിധിയിലെ പിണങ്ങോട് അക്ഷയ കേന്ദ്രത്തിലെത്തി അപേക്ഷ നൽകണം. അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് അയച്ചു നൽകി ദ്രുതഗതിയിൽ പരിഹാരം ഉറപ്പാക്കും.
പൊതുജനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, നിരസിക്കൽ, കെട്ടിട നമ്പർ, നികുതി, വയോജന സംരക്ഷണം, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനഃരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്ക്കരണം, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണം, കുടിവെള്ളം, റേഷൻകാർഡ് (എ.പി.എൽ/ബി.പി.എൽചികിത്സാ ആവശ്യങ്ങൾക്ക്), കർഷിക വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്‌ടപരിഹാരം/ സഹായം, ഭക്ഷ്യ സുരക്ഷ, വ്യവസായ സംരംഭങ്ങൾക്കുളളഅനുമതി, ആരോഗ്യം, വനംവന്യജീവി, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ/അപേക്ഷകൾ, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റൽ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, പെൻഷനുകൾ (വിവാഹ/ പഠനധന സഹായം/ ക്ഷേമം), സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക, തെരുവുനായ ശല്യം, തെരുവു വിളക്കുകൾ, കൃഷി നാശത്തിനുള്ള സഹായങ്ങൾ സംബന്ധിച്ച അപേക്ഷകൾ എന്നിവയാണ് സ്വീകരിക്കുന്നത്.
നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, പ്രൊപോസൽസ്,ലൈഫ് മിഷൻ, ജോലി ആവശ്യപ്പെട്ടുള്ള / പി.എസ്.സി സംബന്ധമായ വിഷങ്ങളിലെ അപേക്ഷകൾ, വായ്‌പ എഴുതി തള്ളൽ, പോലീസ് കേസുകൾ, ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായത്തിനുള്ള അപേക്ഷകൾ, സാമ്പത്തിക സഹായ അപേക്ഷകൾ (ചികിത്സയുൾപ്പെടെ), ജീവനക്കാര്യം, റവന്യൂ റിക്കവറിവായ്‌പ തിരിച്ചടവിനുള്ള സാവകാശം, ഇളവുകൾ സംബന്ധിച്ച അപേക്ഷകൾ അദാലത്തിൽ സ്വീകരിക്കില്ല. ജനങ്ങൾക്കായി ജനങ്ങളോടൊപ്പം പരിപാടി മറ്റു പഞ്ചായത്തുകളിലേക്ക് പിന്നീട് വ്യാപിപ്പിക്കുമെന്ന് ജില്ലാ കളക്‌ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.