Event More NewsFeature NewsNewsPoliticsPopular NewsRecent News

ആരോരുമില്ലാത്ത കുഞ്ഞിളം പൈതങ്ങൾക്ക് താരാട്ടുപാടാൻ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ ഒരുങ്ങി

*കോഴിക്കോട്:* ആരോരുമില്ലാത്ത കുഞ്ഞിളം പൈതങ്ങൾക്ക് താരാട്ടുപാടാൻ അമ്മത്തൊട്ടിൽ ഒരുങ്ങി. സംസ്ഥാനത്തെ ആദ്യത്തെ ഫുള്ളി ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ, കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ സെൻസര്‍ സംവിധാനമുൾപ്പെടെയുള്ള അത്യാധുനിക തൊട്ടിലാണിത്‌.കുഞ്ഞുമായെത്തുന്നവര്‍ അമ്മത്തൊട്ടിൽ സ്ഥാപിച്ച മുറിക്ക്‌ മുന്നിലെ സ്വിച്ച് അമര്‍ത്തുന്നതോടെ വാതിൽ തുറക്കും. തൊട്ടിലിൽ കുഞ്ഞിനെ വച്ചുകഴിഞ്ഞാൽ സെൻസര്‍ സംവിധാനം ഉപയോഗിച്ച് മുറിക്കുള്ളിലെ വെളിച്ചവും ടെലിവിഷനും പ്രവര്‍ത്തിക്കും. തുടര്‍ന്ന് ടെലിവിഷനിൽനിന്ന് നേരത്തേ റെക്കോര്‍ഡ് ചെയ്തുവച്ച ശബ്ദസന്ദേശം കേൾക്കാം. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കാമെന്ന് തീരുമാനിച്ചെങ്കിൽ മാത്രം തിരിച്ചുപോകാമെന്നും കുഞ്ഞ് സുരക്ഷിതമായിരിക്കുമെന്നുമാണ്‌ സന്ദേശത്തിന്റെ സാരം.മുറിക്കുള്ളിൽനിന്ന് വ്യക്തി തിരിച്ചുപോയശേഷം മാത്രം മുറിയിലെ ക്യാമറ പ്രവര്‍ത്തിക്കുകയും കുഞ്ഞിന്റെ ഫോട്ടോയെടുക്കുകയും ചെയ്യും. കുഞ്ഞിനെ ഉപേക്ഷിച്ചയാളുടെ സ്വകാര്യത ഉറപ്പാക്കിയാണിത്. ഫോട്ടോയും കുഞ്ഞിന്റെ ഭാരവും യഥാസമയം രേഖപ്പെടുത്തും. ഓട്ടോമാറ്റിക് അമ്മത്തൊട്ടിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എംഎല്‍എ യുടെയും മുൻ എംഎല്‍എ എ. പ്രദീപ് കുമാറിന്റെയും ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് അമ്മത്തൊട്ടിൽ നിര്‍മിച്ചത്. അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറുകയും, തുടർന്ന് ശിശുക്ഷേമ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *