കാരാപ്പുഴ,ബാണാസുര ഡാമുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു
അമ്പലവയല്‍ : ജില്ലയില്‍ വീണ്ടും ശക്തമായ മഴ. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ശക്തമായ മഴ ആരംഭിച്ചത്. ഇന്നലെ പകലും മഴ തുടര്‍ന്നു. കുറച്ച് ദിവസങ്ങളായി മാറി നിന്ന മഴയാണ് വീണ്ടും പെയ്യാന്‍ തുടങ്ങിയത്. ജില്ലയിലെ പുഴകള്‍, തോടുകള്‍, ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. റിസര്‍വോയര്‍ പ്രദേശങ്ങളില്‍ മഴ ശക്തമായതോടെ കാരാപ്പുഴ, ബാണാസുര ഡാമുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. ചിലയിടങ്ങളില്‍ ജലാശയങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തു. ജില്ലയില്‍ ഇത്തവണ വേനല്മഴയോട് ചേര്‍ന്ന് തന്നെയെത്തിയ മണ്‍സൂണും ഇടവിട്ടാണ് ശക്തി പ്രാപിച്ചത്. ഉരുളെടുത്ത ചൂരല്മലയടക്കമുള്ള പ്രദേശങ്ങളിലും വലിയ മഴ പെയ്തു. പുന്നപ്പുഴയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കും വര്‍ധിച്ചു. ഇന്നലെ രാവിലെയടക്കം ശക്തമായ മഴ പെയ്തത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായിട്ട് ക്ലബ്ബുകളും സംഘടനകളും സംഘടിപ്പിച്ച വിവിധ പൊതു പരിപാടികളെയും ബാധിച്ചു. പലയിടങ്ങളിലും സ്വാതന്ത്ര്യ ദിന പതാക ഉയര്ത്തലടക്കം മഴയിലാണ് നടന്നത്.