പാലിയേക്കര വഴി താനും പോയിട്ടുണ്ട്, അകമ്പടി ഉണ്ടായിട്ടു പോലും കുടുങ്ങി പോയി’; ഇത്രയും മോശമായ റോഡിൽ എന്തിന് ടോൾ പിരിക്കുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: പാലിയേക്കര ടോൾ പിരിവ് നാല് ആഴ്ചത്തേക്ക് മരവിപ്പിച്ച ഹൈകോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹരജിയിൽ ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ടോൾ പിരിവ് മാത്രമല്ല, അതിന് തുല്യമായ സേവനം യാത്രക്കാർക്ക് നൽകണമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് വാക്കാൽ പരാമർശം നടത്തി. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
പാലിയേക്കര റോഡിൻ്റെ മോശം അവസ്ഥ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്നും ഇത്രയും മോശമായ റോഡിൽ എങ്ങനെ ടോൾ പിരിക്കാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ആംബുലൻസിനുപോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്.
അകമ്പടി ഉണ്ടായിട്ടു പോലും താൻ ടോൾപ്ലാസയിൽ കുടുങ്ങി. കഴിഞ്ഞ ഫെബ്രുവരി മുതൽ ഹൈകോടതി ഈ പ്രശ്നം ഉന്നയിക്കുന്നു. അനുകൂലമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ നാലാഴ്ചത്തെ ടോൾ പിരിവ് മാത്രമാണ് തടഞ്ഞത്. അപ്പീൽ ഫയൽ ചെയ്് സമയം പാഴാക്കാതെ എന്തെങ്കിലും ചെയ്യാനും ദേശീയപാത അതോറിറ്റിയോട് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.ഗതാഗതക്കുരുക്ക് കാരണം ഭാര്യാപിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഒരാൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ചുള്ള വാർത്ത ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് വിനോദ് ചന്ദ്രൻ പരാമർശിച്ചു.
ദേശീയ പാതയിൽ 2.85 കിലോമീറ്റർ മാത്രമാണ് ഗതാഗതക്കുരുക്കെന്നും ബ്ലാക്ക് സ്പോട്ടുകളായി മാറുന്ന കവലകൾ ഇവിടെയുണ്ടെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ ആസൂത്രണ സമയത്ത് പരിഹരിക്കേണ്ടതാണെന്നും ദേശീയപാത അതോറിറ്റി പറയുന്ന കവലകളായ മുരിങ്ങൂർ, ആമ്പല്ലൂർ, പേരാമ്പ്ര, കൊരട്ടി, ചിറങ്ങര തുടങ്ങിയ സ്ഥലങ്ങൾ ടോൾ ബൂത്തിൽ നിന്നും വളരെ അകലെയാണെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ ചൂണ്ടിക്കാട്ടി.