Event More NewsFeature NewsNewsPoliticsPopular NewsRecent News

ഉറവിട മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിച്ചാല്‍ നികുതിയിളവ് – മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം ജൈവ ഉറവിട മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നവര്‍ക്ക് ഇനി മുതല്‍ അഞ്ച് ശതമാനം പ്രോപ്പര്‍ട്ടി നികുതി ഇളവ് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. വര്‍ക്കല ശിവഗിരി എസ്എന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംസ്ഥാനത്തെ ആദ്യ സാനിറ്ററി വേസ്റ്റ് ടു എനര്‍ജി പ്ലാന്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്ന മുഴുവന്‍ സാനിറ്ററി പാഡുകളും സംസ്‌കരിക്കാനുള്ള പ്ലാന്റുകള്‍ ഈ മന്ത്രിസഭാ കാലഘട്ടത്തില്‍ തന്നെ കേരളത്തില്‍ ഉണ്ടാകും എന്നും മന്ത്രി ഉറപ്പ് നല്‍കി. ഇത് വഴി ഖരമാലിന്യങ്ങള്‍ കൊണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നിന് പ്രശ്ന പരിഹാരമാകും. കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ റാങ്കിങ്ങില്‍ 1370-ല്‍ നിന്നും 158-ാം സ്ഥാനത്തേക്ക് വര്‍ക്കല നഗരത്തിന് മുന്നേറാന്‍ കഴിഞ്ഞതും ഇത്തരം നല്ല മാറ്റങ്ങള്‍ സ്വാഗതം ചെയ്യുന്നത് കൊണ്ടാണെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു.

സംസ്ഥാനത്ത് ആദ്യമായി ഗാര്‍ഹിക ബയോ മെഡിക്കല്‍ സാനിറ്ററി മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ആണിത്. നഗരസഭയുടെ 10 സെന്റ് സ്ഥലത്ത് ഒന്നരക്കോടി രൂപയോളം ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചത്. വര്‍ക്കല കണ്വാശ്രമം മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാങ്കേതിക അനുമതിയോടെ വര്‍ക്കല നഗരസഭ പ്ലാന്റ് സ്ഥാപിച്ചത്.

ഇതുവഴി ഗാര്‍ഹിക ബയോ മെഡിക്കല്‍ സാനിറ്ററി മാലിന്യങ്ങളായ ഡയപ്പറുകള്‍, സാനിറ്ററി പാഡുകള്‍, പുനരുപയോഗ സാധ്യമല്ലാത്ത തുണികള്‍, മുടി എന്നിവ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയും. പ്രതിദിനം അഞ്ച് ടണ്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റില്‍ നിന്നും 60 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. വി. ജോയി എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എല്‍.എസ്.ജി.ഡി. സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ, ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *