അനധികൃത സ്വത്ത് സമ്പാദന കേസ്: എംആർ അജിത് കുമാറിന് തിരിച്ചടി; വിജിലൻസ് നൽകിയ ക്ലീൻചിറ്റ് കോടതി തള്ളി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി. അജിത്കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. അജിത് കുമാർ ഭാര്യ സഹോദരന്റെ പേരിൽ കവടിയാറിൽ ഭൂമി വാങ്ങി ആഡംബര വീട് പണിതതിൽ അഴിമതി ഉണ്ടെന്നായിരുന്നു അജിത് കുമാറിനെതിരായ ആരോപണം. വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് അംഗീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴി ഈ മാസം 30ന് നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു.
മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ പരാതിയിലായിരുന്നു അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം നടത്തിയത്. എന്നാൽ അൻവർ ആരോപിച്ച വീട് നിര്‍മ്മാണം, ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഈ റിപ്പോർട്ടിനെതിരെയാണ് അഭിഭാഷകനായ നാഗരാജ് വിജിലൻസ് കോടതിയെ സമീപിച്ചത്.
ഭാര്യ സഹോദരന്റെ പേരിൽ സെന്റിന് 70 ലക്ഷം വരുന്ന ഭൂമി വാങ്ങി അവിടെ ആഡംബര വീട് നിർമ്മിക്കുന്നുവെന്നും, അഴിമതി പണം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതുമെന്നുമായിരുന്നു ഹർജിക്കാരനായ നാഗരാജ് ഹർജിയിൽ ആരോപിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വഴിവിട്ട് സഹായിച്ചെന്നും അഭിഭാഷകനായ നാഗരാജ് നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു.
വിജിലൻസ് അന്വേഷണം നടത്തിയെങ്കിലും അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. ഇതിൽ പുനരന്വേഷണം വേണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഹർജിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് റിപ്പോർട്ട് കോടതി വിളിച്ചു വരുത്തി പരിശോധിച്ചിരുന്നു.
അതേസമയം പരാതിക്കാരന് ആരോപണം സംബന്ധിച്ച് ഏതെങ്കിലുമൊരു രേഖ ഹാജരാക്കാനായില്ലെന്നും, വെറും ആക്ഷേപം മാത്രമാണ് തനിക്കെതിരെ നടത്തിയതെന്നും അജിത് കുമാർ വാദിച്ചിരുന്നു. എന്നാൽ വിജിലൻസ് റിപ്പോർട്ട് വിജിലൻസ് കോടതി തന്നെ തള്ളിയതോടെ അജിത് കുമാറിന് വൻ തിരിച്ചടിയായിരിക്കുകയാണ്.