‘ഓഫീസ് സിസ്റ്റത്തിൽ വാട്സ്ആപ് വെബ് ഉപയോഗിക്കാൻ പാടില്ല’; മുന്നറിയിപ്പുമായി സർക്കാർ
ന്യൂഡൽഹി: ഓഫീസ് ലാപ്ടോപ്പുകളിലും കമ്പ്യുട്ടറുകളിലും വാട്സ്ആപ് വെബ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇനിമുതൽ ഒന്ന് സൂക്ഷിച്ചോളൂ…
ഓഫീസ് ലാപ്ടോപ്പുകളിലും കമ്പ്യുട്ടറുകളിലും വാട്സ്ആപ് വെബ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് സർക്കാർ മുന്നറിയിപ്പ്. ഇലക്ട്രോണിക്സ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റേതാണ് നിർദേശം.
ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഇലക്ട്രോണിക് സിസ്റ്റത്തിൽ വാട്സ് ആപ് വെബ് ഉപയോഗിക്കുന്നത് സൗകര്യപ്രദമാണെങ്കിലും ഇതിലൂടെ നമ്മുടെ സ്വകാര്യ ചാറ്റുകളും ഫയലുകളും സ്ഥാപനം ആക്‌സസ് ചെയ്യാൻ സാധ്യതയുണ്ടെന്നും അഡ്മിനിസ്ട്രേറ്റർമാർക്കും ഐടി ടീമുകൾക്കും ജീവനക്കാരുടെ പ്രൈവറ്റ് ഫയലുകളിലേക്കും വ്യക്തികത വിവരങ്ങളിലേക്കും പ്രവേശനം ലഭിക്കുമെന്നുമാണ് മുന്നറിയിപ്പ്.
സ്ക്രീൻ മോണിറ്ററിങ് സോഫ്റ്റ് വെയർ, മാൽവെയർ, ബ്രൗസർ ഹൈജാക്ക്‌സ് തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ജോലിസ്ഥലങ്ങളിൽ സൈബർ സുരക്ഷ ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
വാട്‌സ് ആപ് വെബ് മാത്രം അല്ല ഓഫീസ് വൈ ഫൈക്ക് ആക്സസ് കൊടുക്കുന്നതിലൂടെ ജീവനക്കാരുടെ ഫോണിലേക്ക് സ്ഥാപനങ്ങൾക്ക് ഒരു പരിധിവരെ ആക്‌സസ് ലഭിക്കുന്നുണ്ടെന്നും നിർദേശം.
വാട്സ് ആപ് വെബ് ഓഫീസ് ലാപ്ടോപ്പിലും കമ്പ്യൂട്ടറിലും ഉപയോഗിക്കുന്നവർ പോവുന്നതിന് മുമ്പ് ഇത് ലോഗ് ഔട്ട് ചെയ്യണം.പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും ലിങ്കുകൾ ലഭിച്ചാൽ ഓപ്പൺ ചെയ്യാൻ പാടില്ല. വ്യക്തികത വിവരങ്ങൾ ആ സമയങ്ങളിൽ സിസ്റ്റത്തിൽ ശേഖരിക്കാൻ പാടില്ല എന്നീ കാര്യങ്ങൾ ശ്രദ്ധിക്കാനും മുന്നറിയിപ്പിൽ പറയുന്നു.