ലാൻഡിംഗിന് അൽപ്പ സമയം മാത്രം ശേഷിക്കവേ വിമാനത്തിന്റെ എഞ്ചിനിൽ തീ; പെട്ടന്ന് താഴെയിറക്കി തീ അണച്ച് ഫയർഫോഴ്സ്
ചെന്നൈ : വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിനിടെ ചരക്ക് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. മലേഷ്യയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീ പീടിച്ചത്. തീപിടിത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് വിഭാഗത്തിന് വിവരം നൽകി പെട്ടെന്ന് തന്നെ വിമാനം ലാൻഡ് ചെയ്തു. തയ്യാറായി നിന്ന അഗ്നിശമന ടീം അതിവേഗം തീയണച്ച് വൻ അപകടം ഒഴിവാക്കി. മലേഷ്യൻ നഗരമായ ക്വാലാലംപൂരിൽ നിന്നും എത്തിയ ചരക്ക് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പൈലറ്റിന്റെ ആത്മവിശ്വാസമാണ് എമർജൻസി ലാൻഡിങ് ഒഴിവാക്കിയത്. ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവത്തിൽ എയർ പോർട് സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങിയതായി വാർത്താ ഏജൻസിയായ പിടിഐ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മറ്റൊരു സംഭവത്തിൽ, ലാൻഡിംഗ് ശ്രമത്തിനിടെ നിയന്ത്രണം നഷ്ടമായി വിമാനത്താവളത്തിൽ പാർക്ക് ചെയ്ത വിമാനത്തിലേക്ക് ഇടിച്ചിറങ്ങി വിമാനം. അമേരിക്കയിലെ മൊന്റാനയിലാണ് സംഭവം. വലിയ രീതിയിൽ പുക ഉയരുകയും തീ പടരുകയും ചെയ്ത സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മൊന്റാനയിലെ കലിസ്പെൽ സിറ്റി വിമാനത്താവളത്തിലാണ് അപകടമുണ്ടായത്.