നികുതി റീഫണ്ട്, കിഴിവുകൾ; പുതിയ ആദായ നികുതി ബില്ലിൽ പരിഷ്കാരങ്ങളേറെ
നിയമങ്ങളിൽ മാറ്റം വരുത്തി പരിഷ്കരിച്ച ആദായ നികുതി ബിൽ ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും. ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സെലക്‌ട് കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരമാണ് പുതിയ ബില്ല് പരിഷ്കരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 21ന് ആണ് സെലക്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്.
60 വർഷം പഴക്കമുള്ള ആദായ നികുതി ബില്ലിന് പകരമായി ഈ വർഷം ഫെബ്രുവരി 13ന് പാർലമെന്റിൽ അവതരിപ്പിച്ച ബില്ല് കേന്ദ്രം പിൻവലിച്ചിരുന്നു. സെലക്‌ട് കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ച ബിൽ അവതരിപ്പിക്കുമെന്ന് അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു. 4,500 പേജുകളിലായി 285 നിർദേശങ്ങളാണ് കമ്മിറ്റി മുന്നോട്ട് വെച്ചത്. ബില്ലിന്റെ ഒന്നിലധികം പതിപ്പുകൾ മൂലമുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കി ലളിതമായ ഭാഷയിലാകും പുതിയ പതിപ്പ്.
നികുതി റീഫണ്ടിൽ വരുന്ന മാറ്റമാണ് ബില്ലിന്റെ പ്രധാന സവിശേഷത. അവസാന തീയ്യതിക്ക് ശേഷം ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്ക് റീഫണ്ട് നൽകേണ്ടതില്ലെന്ന പഴയ നിയമത്തിൽ മാറ്റം വരുത്തും. പുതിയ ബില്ലിലെ സെക്ഷൻ 433 പ്രകാരം റിട്ടേൺ സമർപ്പിക്കുന്ന സമയമാകും റീഫണ്ടിന് പരിഗണിക്കുക. കമ്പനികളുടെ ഇന്റർ കോർപ്പറേറ്റ് ഡിവിഡൻ്റ് ആനുകൂല്യങ്ങളിലും മാറ്റം വരും. നികുതിദായകർക്ക് നിൽ ടിഡിഎസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നിർദേശവും ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അസുഖമോ സാങ്കേതിക തകരാറുകളോ പോലുള്ള യഥാർത്ഥ കാരണങ്ങളാൽ പോലും ആദായനികുതി റിട്ടേൺ വൈകി ഫയൽ ചെയ്‌താൽ നികുതി റീഫണ്ടുകൾ തടയുന്നതിന് മുമ്പത്തെ ഡ്രാഫ്റ്റിലെ ക്ലോസ് 263(1)(a)(ix) വ്യവസ്ഥ ചെയ്‌തിരുന്ന വ്യവസ്ഥ ഇല്ലാതാക്കി. സാധുവായ കാരണങ്ങളാൽ സമയപരിധി നഷ്‌ടപ്പെട്ടാലും യോഗ്യരായ നികുതിദായകർക്ക് റീഫണ്ട് ക്ലെയിം ചെയ്യാൻ ഇത് അനുവദിക്കുന്നു.
- വീടിന്റെ സ്വത്തിൻ്റെ മൂല്യനിർണ്ണയ വ്യക്തത
മുൻ കരടിലെ 21(2)-ാം വകുപ്പിൽ വാർഷിക മൂല്യം കണക്കാക്കാൻ “സാധാരണ ഗതിയിൽ” എന്ന പ്രയോഗം തർക്കസാധ്യത കണക്കിലെടുത്ത് നീക്കം ചെയ്യും.
- വീടിന്റെ സ്വത്തു വരുമാനത്തിൽ നിന്നുള്ള കിഴിവുകൾ സംബന്ധിച്ച് ക്ലോസ് 22 ലെ വ്യക്തമല്ലാത്ത നിയമങ്ങളിൽ വ്യക്തതവരുത്തി. മുനിസിപ്പൽ നികുതികൾ കുറച്ചതിനുശേഷം 30% സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഇപ്പോൾ ബാധകമാകും.
വീട്ടുടമസ്ഥർക്കും ഭൂവുമസ്ഥർക്കും നീതി ഉറപ്പാക്കിക്കൊണ്ട്, സ്വന്തമായി താമസിക്കുന്നതും വാടകയ്ക്ക് നൽകിയതുമായ പ്രോപ്പർട്ടികൾക്ക് നിർമ്മാണത്തിന് മുമ്പുള്ള പലിശ കിഴിവുകൾ അനുവദിക്കും.
- പെൻഷൻ കിഴിവ്
ക്ലോസ് 19 പ്രകാരം ജീവനക്കാരുടെ പെൻഷന് ഇളവുകൾ അനുവദിച്ചിരുന്നു. പുതിയ പരിഷ്‌കാരം അനുസരിച്ച് പെൻഷൻ ഫണ്ടുകൾ വഴി പെൻഷൻ ലഭിക്കുവർക്കും സമാനമായ രീതിയിൽ കിഴിവുകൾ ലഭിക്കും.
ക്ലോസ് 19 പ്രകാരം ജീവനക്കാരുടെ പെൻഷന് ഇളവുകൾ അനുവദിച്ചിരുന്നു. പുതിയ പരിഷ്‌കാരം അനുസരിച്ച് പെൻഷൻ ഫണ്ടുകൾ വഴി പെൻഷൻ ലഭിക്കുവർക്കും സമാനമായ രീതിയിൽ കിഴിവുകൾ ലഭിക്കും.
- വാണിജ്യ സ്വത്ത് നികുതി
ഒഴിഞ്ഞുകിടക്കുന്ന വാണിജ്യ സ്വത്തുക്കൾക്ക് “വീട് സ്വത്ത്” ആയി നികുതി ചുമത്താനുള്ള സാധ്യതയുണ്ടായിരുന്നത് ഒഴിവാക്കി.
“1961ലെ നിലവിലെ ആദായനികുതി നിയമത്തിൽ 4,000-ത്തിലധികം ഭേദഗതികൾ വരുത്തിയിട്ടുണ്ട്. സാധാരണ നികുതിദായകർക്ക് വായിക്കാനും മനസിലാക്കാനും എളുപ്പമാകും, എന്ന്” ബൈജയന്ത് പാണ്ഡ വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞിരുന്നു. സങ്കീർണമായ നികുതി ഘടനകൾ കൈകാര്യം ചെയ്യാൻ നിയമപരവും സാമ്പത്തികവുമായ വൈദഗ്ദ്ധ്യം ഇല്ലാത്ത ചെറുകിട ബിസിനസ് ഉടമകളും എംഎസ്എംഇകളുമായിരിക്കും ഈ ലളിതവൽക്കരണത്തിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ എന്നും പാണ്ഡ പറഞ്ഞു.
എല്ലാ നികുതിദായകർക്കും പ്രയോജനപ്പെടുന്നതിനായി സ്ലാബുകളിലും നിരക്കുകളിലും പുതിയ ബില്ലിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഘടന മധ്യവർഗത്തിന്റെ നികുതികൾ ഗണ്യമായി കുറയ്ക്കുകയും അവരുടെ കൈകളിൽ കൂടുതൽ പണം അവശേഷിപ്പിക്കുകയും ചെയ്യും. ഇത് ഗാർഹിക ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവ വർധിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നു. പുതിയ ആദായനികുതി ബിൽ സാധാരണ പൗരന്മാർക്കും ചെറുകിട ബിസിനസുകൾക്കും
നികുതി ഫയൽ ചെയ്യുന്നത് എളുപ്പമാക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
ശമ്പളക്കാരായ ജീവനക്കാർ, പ്രോപ്പർട്ടി ഉടമകൾ, ബിസിനസ് നിക്ഷേപകർ എന്നിവരെ സംബന്ധിച്ചിടത്തോളം, വരുമാനത്തിന് നികുതി ചുമത്തുന്ന രീതി, കിഴിവുകൾ ക്ലെയിം ചെയ്യുന്ന രീതി, കൈകാര്യം ചെയ്യുന്ന രീതിയിലൊക്കെ മാറ്റങ്ങൾ ഉണ്ടാകും. നിലവിൽ ഉയരാൻ സാധ്യതയുള്ള പ്രശ്‌നങ്ങളെയും ആശങ്കകളേയും മറികടക്കാൻ ആവശ്യമായ നിർദേശങ്ങൾ വിദഗ്ധരിൽ നിന്ന് സ്വീകരിച്ചതായി ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.