ഒന്നാം ക്ലാസിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷ നിയമലംഘനം; അൺ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ യോഗ്യത ഉറപ്പാക്കും ; നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തെ അൺ എയ്ഡഡ് സ്കൂളുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. അൺ എയ്ഡഡ് സ്‌കൂളുകളിൽ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഒന്നാം ക്ലാസിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷ നിയമലംഘനം ആണെന്നും മന്ത്രി വ്യക്തമാക്കി.
സിലബസ് ഏകീകരിക്കാൻ സർക്കാർ ഇടപെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അൺ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ യോഗ്യത ഉറപ്പാക്കും. അടുത്തവർഷം മുതൽ അധ്യാപകരുടെ യോഗ്യതയിൽ ഉൾപ്പെടെ കർശന പരിശോധനകൾ ഉണ്ടാകും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാന്യമായ ഫീസ് മാത്രമേ വാങ്ങാവൂ എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികൾ സ്കൂളുകളിൽ മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നും മന്ത്രി സൂചിപ്പിച്ചു. വിദ്യാർത്ഥികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വിലക്കുന്ന കാര്യം പരിഗണനയിലുണ്ട്. ഒമ്പതാം ക്ലാസ് വരെയുള്ള സമ്പൂർണ്ണ വിജയത്തിൽ യോജിപ്പില്ല എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ തലത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ കർശനമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്