Feature NewsNewsPopular NewsRecent Newsവയനാട്

കുട്ടിപോലീസിന് ‘15’വയസ്;കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും ഗാർഡ് ഓഫ് ഹോണർ നൽകി

കല്‍പ്പറ്റ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് 15 വയസ് തികഞ്ഞു. വാര്‍ഷിക ദിനാഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ലാ എസ് പി സി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. എ.എം.എം.ആര്‍.ജി.എച്ച്.എസ്.എസ് നല്ലൂര്‍നാട് സ്‌കൂളിലെ എസ്.പി.സി കേഡറ്റുകള്‍ ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ഐ.എ.എസിന് കലക്‌ട്രേറ്റ് പരിസരത്തും, ജി.എം.ആര്‍.എസ് കണിയാമ്പറ്റ സ്കൂളിലെ കേഡറ്റുകള്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന് ജില്ലാ പോലീസ് ഓഫീസ് പരിസരത്തും ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി ആദരിച്ചു. മേധാവിമാര്‍ സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളുമായി സംവദിച്ചു. കേഡറ്റുകള്‍ ജില്ലാ പോലീസ് ഓഫീസ് സന്ദര്‍ശിക്കുകയും ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുകയും ചെയ്തു. ജി.വി.എച്ച്.എസ്.എസ് കല്‍പ്പറ്റ സ്‌കൂളില്‍ നടന്ന ജില്ലാ തല പരിപാടി എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസറും ജില്ലാ അഡി. എസ്.പിയുമായ കെ.ജെ. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്, എസ്.പി.സി അസി. ജില്ലാ നോഡല്‍ ഓഫീസര്‍ കെ. മോഹന്‍ദാസ്, ജനമൈത്രി അസി. ജില്ലാ നോഡല്‍ ഓഫീസര്‍ കെ.എം. ശശിധരന്‍, പി.ടി.എ പ്രസിഡന്റ് രഞ്ജിത്, എസ്.എം.സി ചെയര്‍മാന്‍ സലാം എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക സല്‍മ സ്വാഗതവും സ്‌കൂള്‍ എസ്.പി.സി സി.പി.ഒ അര്‍ഷാദ് നന്ദിയും പറഞ്ഞു. കേഡറ്റുകള്‍, രക്ഷിതാക്കള്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സമൂഹത്തില്‍ എസ്.പി.സി പദ്ധതിയുടെ ആവശ്യകതയെക്കുറിച്ചും അത് വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റത്തെ കുറിച്ചും സൈബര്‍ ദുരുപയോഗം ലഹരി ഉപയോഗം എന്നിവ കുട്ടികളിലും സമൂഹത്തിലും മോശമായി ബാധിക്കുന്നതിനെ കുറിച്ചും മറ്റും കേഡറ്റുകളുമായി സംവദിച്ചു. ജില്ലയിലെ 42 എസ്.പി.സി സ്‌കൂളുകളിലും എസ്.പി.സി പതാകയുയര്‍ത്തി. പ്രതിജ്ഞ, സ്‌പെഷ്യല്‍ പരേഡ്, ക്വിസ് മത്സരം, ഫ്‌ളാഷ് മോബ്, ബോധവല്‍ക്കരണ ക്ലാസുകള്‍, വിളംബര ജാഥ തുടങ്ങിയ പരിപാടികള്‍ നടത്തി. പിണങ്ങോട് സ്‌കൂളിലെ കേഡറ്റുകള്‍ പുത്തുമല ഹൃദയഭൂമി സന്ദര്‍ശിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും, കോളേരി സ്‌കൂളിലെ കേഡറ്റുകള്‍ വൃദ്ധസദനം സന്ദര്‍ശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *