20 ലക്ഷത്തിന്റെ ഉപകരണം കാണാനില്ലെന്ന് ആരോഗ്യമന്ത്രി; ഡോ. ഹാരിസിനെ കുടുക്കാനുള്ള ശ്രമമെന്ന് VD സതീശൻ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജനപ്രതിനിധിയുടെ പണംകൊണ്ട് വാങ്ങിയ ഉപകരണം കാണാനില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 20 ലക്ഷം രൂപ വിലവരുന്ന ഓസിലോസ്കോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കാണാനില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും വീണാ ജോർജ് തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.’ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണമില്ലെന്ന് ഫെയ്സ്ബുക് പോസ്റ്റിൽ വെളിപ്പെടുത്തിയ ഹാരിസ് ചിറക്കലിനോട് വിശദീകരണം തേടി എന്നത് സ്വാഭാവിക നടപടിയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായി എന്നുള്ള കണ്ടെത്തലുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിക്രമം മാത്രമാണ്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റുചില കാര്യങ്ങൾക്കൂടി കണ്ടെത്തിയിട്ടുണ്ട്. എംപിയുടെ ഫണ്ടിൽനിന്ന് വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തി. ഇതിന് മുമ്പ് ഇത് റിപ്പോർട്ട് ചെയ്തിരുന്നില്ല’, ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.നാലംഗ സമിതിയുടെ റിപ്പോർട്ടിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പിന്നാലെയാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് തൃശ്ശൂരിൽ പ്രതികരിച്ചത്. ശശി തരൂർ എംപിയുടെ ഫണ്ടിൽ നിന്നും വാങ്ങിയ ഉപകരണമാണ് കാണാതായിരിക്കുന്നതെന്നും ഇതേപ്പറ്റി അന്വേഷിക്കുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, ഡോക്ടറെ മോഷണക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് അന്വേഷണമെന്ന പേരിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സത്യം പറഞ്ഞ ഡോക്ടറെ ക്രൂശിക്കുന്നു. മോഷണക്കേസിൽ പോലും ഡോക്ടറെ പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. ആരോഗ്യമന്ത്രിക്ക് പറഞ്ഞ വാക്കിന് വിലയില്ല. വാക്കു പാലിക്കുന്നില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.