രാജകീയമായി അതിർത്തി കടക്കുന്നു മലയാളത്തിൻ്റെ ചിരട്ട
ചിരട്ടയുണ്ടോ ചിരട്ട.. കിലോക്ക് 30 രൂപ..സ്പീക്കർ കെട്ടിവച്ച ലോറികൾ വീടുകൾക്ക് മുന്നിൽ എത്തി ചിരട്ട തൂക്കി എടുക്കുന്ന കാഴ്ചയാണ് നാട്ടിൻപുറങ്ങളിൽ. മുൻപ് ചിരട്ട ബാധ്യതയായിരുന്നു. ഇപ്പോൾ കഥ മാറി. ‘ചിരട്ടയ്ക്കൊക്കെ എന്താ വില’ എന്ന അവസ്ഥയിലേക്ക് എത്തി കാര്യങ്ങൾ.വാഹനങ്ങളിൽ മലയാളികളും അന്യ സംസ്ഥാന ചെറുകിട കച്ചവടക്കാരുമാണ് വീടുകളിൽ നിന്നും ചിരട്ട ശേഖരിക്കുന്നത്.ശേഷം മൊത്തവ്യാപാരികൾ അന്യ സംസ്ഥാനങ്ങളിലേക്കുകയറ്റികൊണ്ടു പോകുന്നു.ചിരട്ടയ്ക്ക് വിപണിയിൽ വലിയ ഡിമാൻഡാണ്. ജനുവരി ഫെബ്രുവരി മാസങ്ങളിൽ ഒരു കിലോ ചിരട്ടയുടെ വില ഏഴു മുതൽ 10 രൂപ വരെയായിരുന്നു. ഇന്ന് 28 മുതൽ 30 രൂപ വരെയായി. വില വർധിച്ചതോടെ ടൺകണക്കിനാണ് ചിരട്ട എത്തുന്നത്. പ്രധാനമായും കരിയുണ്ടാക്കി ജല ശുദ്ധീകരണം നടത്തുന്നതിനായാണ് ചിരട്ട ഉപയോഗിക്കുന്നത്. ചിരട്ട ഉത്പന്നങ്ങൾക്കും വൻ ഡിമാൻഡാണ്. അലങ്കാര സാധനങ്ങൾ നിർമിക്കാനും ചിരട്ട ഉപയോഗിക്കാറുണ്ട്. ചിരട്ടയ്ക്ക് മാത്രമല്ല നാളികേരത്തിനും, വെളിച്ചെണ്ണയ്ക്കും നല്ല വിലയാണ് ലഭിക്കുന്നത്. ചിരട്ടയ്ക്കും നാളികേരത്തിനും വില കൂടുന്നതുകൊണ്ടുതന്നെ തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലെ ചിരട്ടക്കരി ഫാക്ടറികളിലേക്ക് കേരളത്തിൽ നിന്ന് കണക്കില്ലാതെയാണ് ചിരട്ട അതിർത്തി കടന്നു പോകുന്നത്.