‘പൊലീസ് അവരുടെ ജോലി ചെയ്തു’; കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി
കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി. പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. അതേസമയം ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. എംഎൽഎമാരായ റോജി എം ജോണും, സജീവ് ജോസഫും ഛത്തീസ്‌ഗഢിൽ തുടരുന്നു.
ഛത്തീസ്‌ഗഢിലുള്ള ബിജെപി നേതാവ് അനൂപ് ആന്റണി വീണ്ടും ആഭ്യന്തരമന്ത്രിയെ കണ്ട് ചർച്ച നടത്തും. കോൺഗ്രസ് എംഎൽഎമാരായ റോജി എം ജോൺ, സജീവ് ജോസഫ് എന്നിവരും ദുർഗിൽ തുടരുകയാണ്.കന്യാസ്ത്രീകളുടെ ബന്ധുക്കളും ഛത്തീസ്ഗഢിലുണ്ട്.
അതേസമയം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ഇന്നും പാർലമെന്റിനെ പ്രക്ഷുബ്‌ധമാക്കാനാണ് സാധ്യത. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിൽ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം. കഴിഞ്ഞദിവസം ശൂന്യവേളയിൽ കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ് എന്നിവർ ലോക്സഭയിൽ ഉന്നയിച്ചിരുന്നു. പാർലമെൻ്റിന് പുറത്തും പ്രതിഷേധിക്കും.
ജാമ്യം നൽകിയാൽ മത പരിവർത്തനം ആവർത്തിക്കുമെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ ഛത്തീസ്‌ഗഡ് സർക്കാർ കോടതിയിൽ പറഞ്ഞത്. ആദിവാസി കുട്ടികളെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു എന്നും പ്രോസിക്യൂഷൻ ദുർഗ് സെഷൻസ് കോടതിയിൽ വാദിച്ചു. സെഷൻസ് കോടതിയുടെ ഉത്തരവിലാണ് ഈ വിവരങ്ങൾ. ജാമ്യാപേക്ഷയെ ഛത്തീസ്‌ഗഡ് സർക്കാർ എതിർത്തില്ലെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണിയുടെ വാദം തള്ളുന്നതായിരുന്നു കോടതിയുടെ ഉത്തരവ്.