തടവുകാരുടെ എണ്ണം വർധിക്കുന്നു; സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ നിർമിക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ ആരംഭിക്കാൻ തീരുമാനം. തടവുകാരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്തും.
മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചുചേർത്തത്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. റിട്ടയർഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് അന്വേഷണം നടത്തുക. നിലവിലെ അന്വേഷണത്തിന് പുറമെയാണ് പുതിയ അന്വേഷണം.
കണ്ണൂരിലെ ജയിൽ ചാട്ടം അത്യന്തം ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൂന്നുമാസത്തിനകം പ്രധാനപ്പെട്ട നാല് ജയിലുകളിലും വൈദ്യുതി ഫെൻസിങ് പ്രവർത്തനക്ഷമമാക്കും. സൂക്ഷ്മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്റലിജന്റ് സിസിടിവി സ്ഥാപിക്കും. ഒരു സ്ഥലത്ത് അഞ്ചു വർഷം പൂർത്തിയാക്കിയ ജയിൽ ജീവനക്കാരെ മാറ്റാനും തീരുമാനം.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡീഷണൽ ഡിജിപി പി. വിജയൻ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്.