ശബരിമല സന്ദർശിക്കുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; 85ആം വയസ്സിൽ സന്നിധാനത്ത് എത്തിയത് കാൽനടയായി: വിഎസ് അച്യുതാനന്ദൻ രചിച്ച മറ്റൊരു ചരിത്രം ഇങ്ങനെ
ശബരിമല ചരിത്രത്തിൽ ഒരു സവിശേഷ അധ്യായം കുറിച്ചുകൊണ്ട്, 2007 ഡിസംബർ 30-ന് അന്നത്തെ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ശബരിമല സന്നിധാനത്തേക്ക് കാൽനടയായി യാത്ര ചെയ്‌തു. എൺപത്തിയഞ്ച് വയസ്സുള്ള ഒരു വ്യക്തിക്ക് ശബരിമലയിലെ ദുർഘടമായ പാത താണ്ടുക എന്നത് വലിയ വെല്ലുവിളിയായിരുന്നിട്ടും, ഡോളിയുടെ സഹായം നിരസിച്ച് കാൽനടയായി മലകയറി വി.എസ്. അച്യുതാനന്ദൻ ശ്രദ്ധേയനായി.
ശബരിമല സന്ദർശിക്കുന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയിലും ഈ യാത്ര ചരിത്രപരമായി അടയാളപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ വരവിനോടനുബന്ധിച്ച് പമ്ബയിൽ ഡോളിയും കസേരയുമെല്ലാം ഒരുക്കിയിരുന്നു. എന്നാൽ, എല്ലാവരെയും അമ്ബരപ്പിച്ചുകൊണ്ട്, താൻ കാൽനടയായി മലകയറുമെന്ന് വി.എസ്. പ്രഖ്യാപിച്ചു. ഒപ്പമുണ്ടായിരുന്ന ആരോഗ്യമന്ത്രി പി.കെ. ശ്രീമതി, എം.എൽ.എ.മാരായ രാജു എബ്രഹാം, കെ.സി. രാജഗോപാൽ എന്നിവർ ഡോളിയുടെ സഹായം സ്വീകരിക്കാൻ തയ്യാറായെങ്കിലും, വി.എസ്. തന്റെ നിലപാടിൽ ഉറച്ചുനിന്നു.