Feature NewsNewsPopular NewsRecent Newsകേരളം

‘വ്യായാമവും ഭക്ഷണക്രമവും; പ്രായമായപ്പോഴും അത്ഭുതപ്പെടുത്തുന്ന ആരോഗ്യമായിരുന്നു വിഎസിന്’; ഡോ. ഭരത് ചന്ദ്രൻ

ആലപ്പുഴ:പ്രായമായപ്പോഴും അത്ഭുതപ്പെടുത്തുന്ന ആരോഗ്യം വിഎസിന് ഉണ്ടായിരുന്നുവെന്ന് ഡോ. ഭരത്ചന്ദ്രൻ. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും കൃത്യമായി പാലിച്ച ആളാണ് അദ്ദേഹം. വ്യായാമവും നല്ല ഭക്ഷണവും ദിനചര്യയായിരുന്നു. മരുന്നുകൾ കഴിക്കാൻ മടി കാണിക്കാറുണ്ടായിരുന്നു. ഡോക്ട‌ർ എന്ന നിലയിൽ തൻ്റെ നിർദേശങ്ങൾ പാലിക്കാറുണ്ടായിരുന്നുവെന്നും ഡോ. ഭരത്ചന്ദ്രൻ പറഞ്ഞു.

അച്ചടക്കത്തോടെയുള്ള ദിനചര്യകൾ വി എസ് അവസാനം വരെയും കാത്തുസൂക്ഷിച്ചു. മുഖ്യമന്ത്രി മുതൽ തിരക്കുള്ള ഏത് പദവി വഹിക്കുമ്പോഴും ചിട്ടകളുടെ കാര്യത്തിൽ വി എസ് ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും തയ്യാറായില്ല. വ്യായാമം തൊട്ട് കഴിക്കുന്ന ഭക്ഷണത്തിലടക്കം അച്ചടക്കം പാലിച്ചു. ക്ലിഫ് ഹൗസ്, കൻ്റോൺമെൻ്റ് ഹൗസ്, കവടിയാർ ഹൗസ് എന്നിവിടങ്ങളിലെ താമസക്കാലത്ത് മാത്രമല്ല വാടക വീടുകളിൽ താമസിച്ചിരുന്നപ്പോഴും യാത്രകളിൽ ഗസ്റ്റ് ഹൗസുകളിലും മറ്റും താമസിക്കുമ്പോഴും വ്യായാമത്തിൽ വിട്ടുവീഴ്ച ചെയ്തില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തിരക്കുകളിൽ പോലും നടക്കാനുള്ള സമയം വി എസ് കണ്ടെത്തിയിരുന്നു.

രാവിലെ അഞ്ചര മണിക്ക് ഉറക്കമെഴുന്നേൽക്കുന്നതോടെ കർമനിരതമായ ഒരു ദിവസത്തിന് ആരംഭമായി. എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഒരു ഗ്ലാസ് കരിക്കിൻവെള്ളം കുടിക്കും. പിന്നെ യോഗ. അതുകഴിഞ്ഞ് പത്രവായന. പിന്നെ നടത്തം. ദീർഘകാലം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് നടക്കാൻ പോയിരുന്നത്. സെക്രട്ടേറിയേറ്റ് പരിസരത്തും നടന്നിരുന്നു. എന്നാൽ പിന്നീട് അത് വീട്ടുമുറ്റത്തേയ്ക്ക് മാറ്റി. പിന്നീട് വെയിൽ കാഞ്ഞതിനുശേഷമായിരുന്നു പ്രഭാത ഭക്ഷണം.

പ്രഭാത ഭക്ഷണം ഇഡ്ഡലി, ദോശ, ഇടിയപ്പം എന്നിവയിലേതെങ്കിലും രണ്ടെണ്ണം. സാമ്പാർ, കടല എന്നിവയാണ് കറികൾ. ഒപ്പം പുഴുങ്ങിയ ഏത്തപ്പഴത്തിന്റെ പകുതിയും. 11 മണിക്ക് ഒരു ഗ്ലാസ് കരിക്കിൻവെള്ളം. ഉച്ചയ്ക്ക് കുറച്ച് ചോറ്. പുളിശ്ശേരി, തോരൻ, അവിയൽ എന്നിവയാണ് കറികൾ. വർഷങ്ങളായി സസ്യഭുക്കായിരുന്നെങ്കിലും ഡോക്ടർ നിർദേശിച്ചതനുസരിച്ച് കഴിഞ്ഞ വർഷങ്ങളിൽ വി.എസ് മീൻ കഴിച്ചിരുന്നു. ഉച്ചയ്ക്കുശേഷം മൂന്നരയ്ക്ക് ഒരു ആപ്പിൾ കഴിക്കും. പിന്നീട് രാത്രി ഒരു ഗ്ലാസ് ഓട്സും ഒരു രസകദളി പഴവും. ചായ, കാപ്പി എന്നിവയൊന്നും വി എസ് പണ്ട് മുതലെ കഴിച്ചിരുന്നില്ല.

ഹോട്ടൽ ഭക്ഷണം കഴിവതും ഒഴിവാക്കുകയായിരുന്നു വി.എസ്സിന്റെ പതിവ്. വീട്ടിൽ ആവശ്യത്തിനുള്ള പച്ചക്കറി കൃഷി ചെയ്തിരുന്നു.

രക്തസമ്മർദ്ദമുണ്ടായിരുന്നതിനാൽ ഉപ്പ് കുറവുള്ള ആഹാരങ്ങളാണ് പതിവ്. അച്ചാർ പോലുള്ളവയൊന്നും പണ്ടുമുതലേ കഴിച്ചിരുന്നില്ല. പിറന്നാൾ ദിനത്തിൽ മാത്രമാണ് വി എസ് മധുരത്തിന്റെ കൂട്ടുകാരനായിരുന്നത്. ഒരു പിറന്നാൾ ദിനത്തിൽ കുട്ടികളുമായി സംസാരിക്കവേ എന്താണ് ഇഷ്ട്‌ട ഭക്ഷണമെന്ന ചോദ്യത്തിന് അമ്പലപ്പുഴ പാൽപ്പായസം എന്നായിരുന്നു വി എസ്സിന്റെ കൗതുകമുള്ള മറുപടി.

Leave a Reply

Your email address will not be published. Required fields are marked *