Feature NewsNewsPopular NewsRecent Newsഇന്ത്യ

ചെസ് ലോകകപ്പ് ഇന്ത്യയിൽ; മത്സരങ്ങൾ ഒക്ടോബർ 30 മുതൽ

ന്യൂഡൽഹി: 2025ലെ പുരുഷ ചെസ് ലോകകപ്പ് ഒക്ടോബർ 30 മുതൽ നവംബർ 27 വരെ ഇന്ത്യയിൽ നടക്കും. ഏത് നഗരമാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്ന് സമയമാകുമ്പോൾ പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) അറിയിച്ചു.

ലോകകപ്പ് കിരീടവും 2026ലെ ഫിഡെ കാൻഡിഡേറ്റ്സ് ടൂർണമെന്റിന് യോഗ്യതയും തേടി 206 താരങ്ങൾ ഇതിൽ പങ്കെടുക്കും. 2002ൽ ഹൈദരാബാദിൽ നടന്ന ലോകകപ്പിനാണ് ഇന്ത്യ ഒടുവിൽ വേദിയായത്. നോക്കൗട്ട് ഫോർമാറ്റിലായിരിക്കും ടൂർണമെന്റ്. ഓരോ റൗണ്ടിലും തോൽക്കുന്നവർ പുറത്താവും. ലോകകപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്ക് നേരിട്ട് ടിക്കറ്റ് ലഭിക്കും.

കാൻഡിഡേറ്റ്സ് ടൂർണമെന്റ്റ് ചാമ്പ്യനാണ് ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ചാലഞ്ചർ. നിലവിലെ ലോക ചെസ് ചാമ്പ്യൻഷിപ് ജേതാവായ ഇന്ത്യയുടെ ഡി. ഗുകേഷുമായി ചാലഞ്ചർ ഏറ്റുമുട്ടും. 2023ലെ ചെസ് ലോകകപ്പ് അസർബൈജാനിലെ ബാകുവിലാണ് നടന്നത്. ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദയെ തോൽപിച്ച് നോർവേ സൂപ്പർ താരം മാഗ്നസ് കാൾസൻ കിരീടം നേടി. പിന്നീട് നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ പക്ഷേ, കാൾസൻ പങ്കെടുത്തില്ല. ഗുകേഷാണ് ഈ ടൂർണമെന്റ് ജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *