കടമാൻതോട് പദ്ധതി : ആശങ്കകളും പ്രതീക്ഷകളും
പുൽപ്പള്ളി:- പുൽപ്പള്ളി മേഖലയിൽ ജലസേചനത്തിനും കുടിവെള്ളത്തിനും ജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്യുന്ന കടമാൻതോട് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നതോടെ ഇത് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഒരുപോലെ ആശങ്കകളും പ്രതീക്ഷകളും ഉണരുകയാണ്. കടമാൻതോട് പദ്ധതിയുടെ വിശദമായ പദ്ധതി രേഖ ( ഡി.പി.ആർ ) തയ്യാറാക്കുന്നതിന് അനുമതി ലഭിച്ചതോടെ ഇതുവരെ ഇതു ഇതു സംബന്ധിച്ചുണ്ടായിരുന്ന ഊഹാപോഹങ്ങൾക്ക് വിരാമം ആകുകയാണ്. ഡിപിആർ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള ഏജൻസികളെ കണ്ടെത്തുന്നതിനായി തിരുവനന്തപുരം ഐ. ഡി. ആർ. ബി. ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായി. വയനാട്ടിൽ ഏറ്റവും അധികം വരൾച്ച അനുഭവിക്കുന്ന മേഖലയാണ് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ . മേഖലയിലെ പ്രധാന തോടുകളാണ് കടമാൻ തോടും, മുദ്ദള്ളിതോടും, കന്നാരം പുഴയും. പുഴയെന്നു പേരുണ്ടെങ്കിലും ഒരു സാധാരണ തോട്ടിൽ കൂടി ഒഴുകുന്ന വെള്ളം പോലും കന്നാരം പുഴയിൽ ഇല്ല . വേനൽക്കാലത്ത് മുദ്ദളി തോടും കന്നാരം പുഴയും വറ്റി വരളും. കടമാൻ തോടിന്റെ സ്ഥിതിയും ഇതിൽ നിന്നും വിഭിന്നമല്ല. കർണാടകയോട് ചേർന്നു കിടക്കുന്ന ഈ മേഖലയിൽ ജില്ലയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശമാണ്. കർണാടകയോട് ചേർന്ന് കിടക്കുന്ന പെരിക്കല്ലൂർ മുതൽ വണ്ടിക്കടവ് വരെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ 20 വർഷങ്ങളായി മരുവത്കരണത്തിന്റെ ലക്ഷണങ്ങൾ കാണുവാൻ തുടങ്ങിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ പലതലങ്ങളിൽ നടത്തിയ പഠനങ്ങളുടെയും അന്തിമ ഫലമാണ് കടമാൻ തോട് പദ്ധതി. കാവേരി നദീജല തർക്ക പരിഹാര ട്രിബ്യൂണൽ വിധിപ്രകാരം കടമാൻ തോട്ടിൽ 1.53 ടി എം സി വെള്ളം കേരളത്തിന് വിനിയോഗിക്കാം. ഇതിനെ അടിസ്ഥാനപ്പെടുത്തി 60 മീറ്റർ ഉയരമുള്ള അണക്കെട്ട് ആയിരുന്നു ആദ്യം കേരളം വിഭാവനം ചെയ്തത് .പുൽപ്പള്ളി ടൗൺ വരെ വെള്ളത്തിനടിയിൽ ആക്കുന്ന ഈ വൻകിട പദ്ധതിക്കെതിരെ അന്ന് ജനരോഷമുയരുകയും അതിന്റെ അടിസ്ഥാനത്തിൽ വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളെ തുടർന്ന് പദ്ധതിയുടെ സംഭരണശേഷി 0.51 ടി എം സി യിലേക്കും, ഉയരം 28 മീറ്ററിലേക്കും താഴ്ത്തി . ഇതിന്റെ അടിസ്ഥാനത്തിൽ ഡി പി ആർ തയ്യാറാക്കുന്നതിന് മുമ്പായി ഭൂപ്രകൃതി സർവ്വേയും ലൈഡാർ സർവെയും2023 – ൽ പൂർത്തിയാക്കിയിരുന്നു. ഇതിന്റെ പഠന റിപ്പോർട്ട് കഴിഞ്ഞവർഷം സർക്കാരിന് സമർപ്പിച്ചിരുന്നു. പദ്ധതിക്ക് വേണ്ടി അക്വയർ ചെയ്യേണ്ട ഭൂമിയുടെ അളവ്, എത്ര പേരെ കുടിയൊഴിപ്പിക്കണം, പ്രത്യക്ഷമായും പരോക്ഷമായും എത്ര കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും തുടങ്ങിയ വിവരങ്ങളൊക്കെ ഈ സർവ്വേ റിപ്പോർട്ടിലുണ്ട്. കടമാൻ തോട് പദ്ധതി പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ജനങ്ങളെ രണ്ടു തട്ടിലാക്കി. പദ്ധതിക്ക് വേണ്ടി അണക്കെട്ട് നിർമ്മിക്കുന്നത് പുൽപ്പള്ളി ടൗണിൽ നിന്നും അധിക ദൂരത്ത് അല്ലാത്ത ആനപ്പാറയിലാണ്. പുതിയ സർവ്വേ പ്രകാരം പദ്ധതി പൂർത്തിയാവുന്നതോടെ വിജയ എൽ പി സ്കൂൾ വരെയുള്ള താഴെയങ്ങാടി മേഖല വെള്ളത്തിനടിയിലാവും. പുൽപ്പള്ളി – സുൽത്താൻബത്തേരി റോഡ്,പുൽപ്പള്ളി – നടവയൽ റോഡ് എന്നിവ വെള്ളത്തിനടിയിലാവും. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ്, സബ് ട്രഷറി, ഗവൺമെന്റ് ആശുപത്രി, കൃഷിഭവൻ, ഹോമിയോ ഡിസ്പെൻസറി, മൃഗാശുപത്രി, അമ്പെത്തുകേന്ദ്രം എന്നിങ്ങനെയുള്ള സർക്കാർ സംവിധാനങ്ങൾ ഒക്കെ (ബീവറേജും ) പുൽപ്പള്ളി ടൗണിൽ നിന്നും വിഭജിക്കപ്പെടും. ആനപ്പാറ മുതൽ (നിർദ്ദിഷ്ട അണക്കെട്ട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം) പുൽപ്പള്ളി താഴെ അങ്ങാടി വരെയുള്ള കടമാൻ തോടിന്റെ ഇരു കരകളിലും പതിറ്റാണ്ടുകളായി വീട് വച്ച് താമസിക്കുന്ന നിരവധി പേരുണ്ട്. തോടിന്റെ അതിരുകൾ അളക്കുമ്പോൾ ഇവരിൽ പലരും പുറമ്പോക്കിലാവും. ഇവർക്കൊന്നും നഷ്ടപരിഹാരം ലഭിക്കില്ലെന്ന ആശങ്കയും നൂറോളം കുടുംബങ്ങൾക്ക് ഉണ്ട് . ഇങ്ങനെ പദ്ധതിയുടെ ദുരിതങ്ങൾ മുഴുവനും പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ളവർ സഹിക്കേണ്ടി വരുമ്പോൾ ഇതിന്റെ ഗുണം ഏതാണ്ട് പൂർണമായും മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉള്ളവർക്കാണ് ലഭിക്കുന്നതെന്ന് വാദഗതിയും പ്രാദേശികമായി ജനങ്ങളെ രണ്ട് തട്ടിൽ ആകുന്നു .കാവേരി ട്രിബൂണലിന്‍റെ വിധിപ്രകാരം 2030-നും കേരളത്തിന് അനുവദിച്ച 30 ടി എം സി ( 2831 കോടി ലിറ്റർ) ജലസംരക്ഷണം മാർഗ്ഗങ്ങൾ തയ്യാറാക്കണം .എന്നാൽ ഇപ്പോഴത്തെ മെല്ലെ പോക്കുകൊണ്ട് ഇനിയും അഞ്ചുവർഷത്തിനകം ഇത്രയും വലിയൊരു പദ്ധതി കേരള സർക്കാരിനെക്കൊണ്ട് പൂർത്തിയാക്കുവാൻ സാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കടമാൻതോട് പദ്ധതി നടപ്പാക്കണം എന്ന കാര്യത്തിൽ ഭരണകക്ഷികൾ ഒറ്റക്കെട്ടാണ് എന്നാൽ പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ കോൺഗ്രസിന് ഇതു സംബന്ധിച്ച വ്യക്തമായ നിലപാടില്ല . പുൽപ്പള്ളിയിലെ കോൺഗ്രസുകാർ പദ്ധതി വേണ്ടെന്നും മുള്ളൻകൊല്ലിയിലെ കോൺഗ്രസുകാർ പദ്ധതി വേണമെന്ന നിലപാടിലുമാണ് ഉള്ളത്. സുൽത്താൻബത്തേരി എം .എൽ .എ . ഐ .സി ബാലകൃഷ്ണൻ മുള്ളൻകൊല്ലിയിൽ പദ്ധതിക്ക് അനുകൂലവും പുൽപ്പള്ളിയിൽ പദ്ധതിക്കെതിരെ നിലപാടിലുമാണെന്ന കാര്യം ഇവിടെ പരസ്യമായ രഹസ്യമാണ് .പദ്ധതി യാഥാർത്ഥ്യമാകും എന്ന അവസ്ഥ സംജാതമായതോടെ കുടിയൊഴുപ്പിക്കപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം, അടയുന്ന ഗതാഗത മാർഗങ്ങൾക്ക് പകരം സംവിധാനം എന്നിവയാണ് പ്രാധാന്യമർഹിക്കുന്നത്. പതിറ്റാണ്ടുകളായി പറഞ്ഞു കേൾക്കുന്ന കടമാൻതോട് പദ്ധതിക്ക് ഒരു തീർച്ചയും തീരുമാനവും ഉണ്ടാവട്ടെ എന്നാണ് ബഹു ഭൂരിപക്ഷം ജനങ്ങളുടെയും അഭിപ്രായം.