റാഗിങ്ങിന്റെ പേരിൽ മർദനം: പൊലീസ് വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തി
കൽപറ്റ:റാഗിങ്ങിൻ്റെ പേരിൽ വിദ്യാർഥിക്ക് ക്രൂര മർദനമേറ്റെന്ന പരാതിയിൽ കമ്പളക്കാട് പൊലീസ് വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തി.
മീശയും താടിയും വടിച്ചില്ലെന്ന് പറഞ്ഞ് വയനാട് കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കി. സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ ഷയാസ് (16) ചികിൽസയിലാണ്.
പ്ലസ് വൺ സയൻസ് ബാച്ചിൽ നാല് ദിവസം മുൻപാണ് ഷയാസ് പ്രവേശനം നേടിയത്. അന്ന് മുതൽ റാഗിങ്ങും തുടങ്ങി. താടിയും മീശയും വടിച്ച് വരാൻ സീനിയർ വിദ്യാർഥികൾ അവശ്യപ്പെട്ടു. പിറ്റേന്ന് താടി മാത്രം വടിച്ച് ചെന്നത് ചോദ്യം ചെയ്താണ് നാലംഗ സംഘം ക്രൂരമായി മർദിച്ചത്. വയറിലും നടുവിലും ചവിട്ടേറ്റു. വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ് ഷയാസ്.
സംഘം ചേർന്നുള്ള ആക്രമണമാണ് മകൻ നേരിട്ടതെന്ന് അമ്മ സഫീല പറഞ്ഞു.
കമ്പളക്കാട് പൊലീസ് ആശുപത്രിയിൽ എത്തി ഷയാസിൻ്റെ മൊഴി രേഖപ്പെടുത്തി. നടപടികൾ ഫലപ്രദമല്ലെങ്കിൽ മറ്റു നിയമ വഴികൾ തേടാനാണ് കുടുംബത്തിൻ്റെ തീരുമാനം