Feature NewsNewsPopular NewsRecent News

കടുവാ പേടി വേണ്ട, എഐ മുന്നറിയിപ്പ് നൽകും; സംവിധാനവുമായി മഹാരാഷ്ട്ര

കടുവകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. കടുവാ ആക്രമണത്തിൽ മൃഗങ്ങൾക്കും മനുഷ്യർക്കും ജീവൻ നഷ്‌ടപ്പെട്ട സംഭവങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ ജനജീവിതം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി നടപ്പാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സിസ്റ്റമാണിത്. എഐ കടുവകളുടെ ചലനം മനസിലാക്കും. തുടർന്ന് ലൗഡ് സ്‌പീക്കറിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകും. ഇത്തരത്തിലുള്ള സംവിധാനങ്ങൾ തഡോബ – അന്താരി ടൈഗർ റിസർവിലെ ഇരുപതോളം ഗ്രാമങ്ങളിൽ സ്ഥാപിച്ചതായി മഹാരാഷ്ട്ര വനം മന്ത്രി ഗണേഷ് നായിക് അറിയിച്ചു. കടുവാസങ്കേതം സ്ഥിതി ചെയ്യുന്ന കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ കടുവാ ആക്രമണത്തിൽ 23 പേരാണ് കൊല്ലപ്പെട്ടത്. ഇതേ കുറിച്ച് കോൺഗ്രസ് എംഎൽഎ അഭിജിത്ത് വനാസാരി നിയമസഭയിൽ ചോദ്യം ഉന്നയിച്ചതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒപ്പം കടുവാ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാൻ മന്ത്രി തയ്യാറായി. രാത്രി ഏഴു മണിക്കും രാവിലെ ഏഴു മണിക്കും ഇടയിൽ വന മേഖലയിലേക്ക് കടക്കരുതെന്ന് ഗ്രാമവാസികൾക്ക് മന്ത്രി നിർദേശവും നൽകിയിട്ടുണ്ട്.

നിലവിൽ കടുവാ സങ്കേതത്തിൽ നൂറ് കടുവകൾ ഉണ്ടെന്നാണ് കണക്ക്. മനുഷ്യരും മൃഗങ്ങളുമായുള്ള സംഘർഷം ഒഴിവാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം പട്രോളിംഗ് നടത്തും. ഗ്രാമവാസികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പ്രൈമറി റെസ്പോൺസ് സംഘത്തെയും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷാ കവചങ്ങൾ, മുളവടികൾ എന്നിവ വനാതിർത്തിയോട് ചേർന്ന് കൃഷിയിടങ്ങളുള്ള കർഷകർക്കും വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *