Feature NewsNewsPopular NewsRecent News

രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പനും

മേപ്പാടി : ഇന്ത്യയിലെ ഏറ്റവും ധനികരായ പ്രൊമോട്ടര്‍ നിക്ഷേപകരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക-ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍. 2,594 കോടി രൂപയുടെ ആളോഹരി വരുമാനമാണ് ഡോ. ആസാദ് മൂപ്പനെ ഈ സവിശേഷ പട്ടികയില്‍ മുന്‍നിരയില്‍ എത്തിച്ചത്. കേരളത്തില്‍ നിന്നും ഈ പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു വ്യവസായിയും ആസാദ് മൂപ്പനാണ്. രാജ്യത്തെ അതിസമ്പന്ന വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അഗര്‍വാള്‍, അസിം പ്രേംജി എന്നിവരാണ് പട്ടികയില്‍ മുന്‍പന്തിയില്‍ ഉള്ള മറ്റുള്ളവര്‍. നിക്ഷേപകര്‍ക്ക് ഓരോ ഓഹരിക്കും 118 രൂപ വീതം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അടുത്തിടെ പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ 2 രൂപയുടെ അന്തിമ ഓഹരിവിഹിതവും 4 രൂപയുടെ ഇടക്കാല ഓഹരിവിഹിതവും നിക്ഷേപകര്‍ക്ക് നല്‍കി. നിലവില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കമ്പനിയുടെ 42% ഓഹരികളാണ് ഡോ. ആസാദ് മൂപ്പന്‍ ഉള്‍പ്പെടെയുള്ള പ്രൊമോട്ടര്‍മാരുടെ കൈവശമുള്ളത്. ഇക്കാലയളവില്‍ ഡോ. ആസാദ് മൂപ്പന്റെ സമ്പത്ത് വളര്‍ന്നു എന്നതിനപ്പുറം, ഒരു കമ്പനി എന്ന നിലയില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കാഴ്ചവയ്ക്കുന്ന ശക്തവും സുദൃഢവുമായ സാമ്പത്തിക പ്രകടനത്തിന്റെ കൂടി സൂചനയാണ് ഈ നേട്ടം. ഇന്ത്യയിലും ഗള്‍ഫ് മേഖലയിലും ഉന്നതനിലവാരമുള്ള സമഗ്രമായ ചികിത്സയും പരിചരണവും നല്‍കുന്ന ആശുപത്രി ശൃംഖലയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍. ഇതേ വര്‍ഷം തന്നെ ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡുമായുള്ള ലയനവും പ്രഖ്യാപിച്ചു എന്നതും ശ്രദ്ധേയമാണ്. ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ ബ്ലാക്ക്‌സ്റ്റോണിന്റെ പിന്തുണയോടെ നിലവില്‍ വരുന്ന ‘ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍’, ലയനനടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളില്‍ ഒന്നായി മാറും. ഈ വിശാല ശൃംഖലയിലെ ആശുപത്രികളുടെ എണ്ണം 38 ആയി ഉയരും. 27 നഗരങ്ങളിലായി 10,300 ലേറെപ്പേരെ കിടത്തി ചികിത്സിക്കാനുള്ള പ്രാപ്തിയും നേടും. പട്ടികയിലുള്ള മറ്റ് വ്യവസായികളെ അപേക്ഷിച്ച്, ആതുരസേവന രംഗത്തെ മികവിനും സാമൂഹിക പരിരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിച്ച് ആ പട്ടികയില്‍ ഇടംനേടിയ ഒരേയൊരാള്‍ ഡോ. ആസാദ് മൂപ്പനാണ്. 1987ല്‍ ദുബായില്‍ സ്ഥാപിച്ച ഒരു ചെറിയ ക്ലിനിക്കില്‍ നിന്നാണ് ഇന്ന് 900ലേറെ ആശുപത്രികളുള്ള വലിയൊരു പ്രസ്ഥാനമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ വളര്‍ന്നത്. ഏഴ് രാജ്യങ്ങളിലായി 34,000 ലധികം പേര്‍ക്ക് ജോലിയും നല്‍കി. തുടക്കക്കാലം മുതല്‍ സുസ്ഥിരതയ്ക്കും പ്രവര്‍ത്തനമികവിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഡോ. ആസാദ് മൂപ്പന്‍ വൈദ്യശാസ്ത്ര രംഗത്ത് തന്റെ ബിസിനസ്സ് സാമ്രാജ്യം വളര്‍ത്തിക്കൊണ്ടുവന്നത്
2011ല്‍ ഡോ. ആസാദ് മൂപ്പനെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. കൂടാതെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ”പ്രവാസി ഭാരതീയ സമ്മാന്‍” പദവിയും സ്വീകരിച്ചു. ഇന്ത്യയിലെ അരികുവത്കരിക്കപ്പെട്ടവര്‍ക്കും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കും കൂടി മികച്ച ചികിത്സ ലഭ്യമാക്കുന്നതില്‍ പകരം വെയ്ക്കാനാകാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഒരേസമയം രോഗികള്‍ക്ക് കാരുണ്യസ്പര്‍ശമേകുന്ന ഡോക്ടറായും ആദര്‍ശശാലിയായ ബിസിനസുകാരനായും പേരെടുത്തു. വയനാട്ടിലെ ചികിത്സാ സംവിധാനങ്ങളിലെ പോരായ്മകള്‍ കണക്കിലെടുത്ത് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിച്ചു. കേരളത്തിലെ മലയോര, ആദിവാസിമേഖലയില്‍, അതും ഒരു പിന്നാക്ക ജില്ലയില്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ മെഡിക്കല്‍ കോളേജ് ആണ് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്. വയനാട് ജില്ലയിലെ ആരോഗ്യ രംഗം മാറ്റിമറിക്കുന്നതില്‍ ഈ നീക്കം നിര്‍ണായകമായി. 2016ല്‍ തുടങ്ങിയ ആസ്റ്റര്‍ വോളന്റിയേഴ്സ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളില്‍ ഒന്നായി ഇതിനോടകം വളര്‍ന്നു. 85,000 ലധികം സന്നദ്ധ പ്രവര്‍ത്തകരാണ് നിലവില്‍ ആസ്റ്റര്‍ വോളന്റിയേഴ്സില്‍ ഉള്ളത്. വിദൂരമേഖലകളില്‍ ചികിത്സാ സഹായം എത്തിക്കുക, അടിയന്തിര ഘട്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയാണ് പ്രധാനലക്ഷ്യങ്ങള്‍. 2018ലെ പ്രളയകാലത്ത് ദുരിതബാധിതര്‍ക്ക് വീടുകള്‍ വെച്ചുനല്‍കുമെന്ന് ഡോ. ആസാദ് മൂപ്പന്‍ പ്രഖ്യാപിച്ചിരുന്നു. 2022ല്‍ ആ വാഗ്ദാനം പൂര്‍ത്തിയാക്കി. 255 വീടുകള്‍ നിര്‍മിച്ച് താക്കോല്‍ കൈമാറി. 2023ലെ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തകാലത്തും സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു. സ്വന്തം ടീമില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധരെ ദുരന്തമുഖത്ത് എത്തിച്ച് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കി. വളര്‍ച്ചയുടെ പുതിയൊരു ഘട്ടത്തിലേക്കാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇപ്പോള്‍. സാമൂഹിക നന്മയില്‍ ഊന്നിക്കൊണ്ടുള്ള ആതുരസേവന പ്രവര്‍ത്തനത്തിലൂടെ ശക്തമായ സാമ്പത്തിക അടിത്തറയും നേടാമെന്ന് സ്വജീവിതം കൊണ്ട് മാതൃകയാവുകയാണ് ഡോ. ആസാദ് മൂപ്പന്‍.

Leave a Reply

Your email address will not be published. Required fields are marked *