ചിത്രശലഭ ഉദ്യാന പരിപോഷണ പദ്ധതിയുമായി ഫേണ്‍സ് നാച്യുറലിസ്‌റ്റ്സ് സൊസൈറ്റി
കല്‍പ്പറ്റ: ചിത്രശലഭ ഉദ്യാന പരിപോഷണ പദ്ധതിയുമായി ഫേണ്‍സ് നാച്യുറലിസ്‌റ്റ്സ് സൊസൈറ്റി. ആദ്യ ഘട്ടത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്‌ഥാനങ്ങളില്‍ 20 ചിത്രശലഭ ഉദ്യാനങ്ങളാണ് മാനന്തവാടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി വികസിപ്പിക്കുന്നത്.
കേരളത്തില്‍ ബത്തേരി മക്‌ലോയിഡ് സ്‌കൂള്‍, വള്ളിയൂര്‍ക്കാവ് എന്‍.എം.യു.പി സ്‌കൂള്‍, കൊമ്മയാട് സെന്റ് സെബാസ്‌റ്റ്യന്‍സ് എല്‍.പി സ്‌കൂള്‍, പടിഞ്ഞാറത്തറ വാളല്‍ യു.പി സ്‌കൂള്‍, വെള്ളമുണ്ട എ.യു.പി സ്‌കൂള്‍, മാനന്തവാടി മേരിമാതാ കോളജ്, എച്ച്.ഐ.എം യു.പി സ്‌കൂള്‍, ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍, ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൃശിലേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കണിയാരം ഫാ. ജി.കെ.എം ഹൈസ്‌കൂള്‍, ബത്തേരി മലങ്കരക്കുന്ന് പള്ളി, ബത്തേരി ഡബ്ല്യു.എം.ഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യു.പി സ്‌കൂള്‍, ബത്തേരി ഭാരതീയ വിദ്യാഭവന്‍, പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണിയാമ്ബറ്റ ഗവ. യു.പി സ്‌കൂള്‍, ബീനാച്ചി ഗവ.യു.പി സ്‌കൂള്‍, കോഴിക്കോട് ഫറൂഖ് കോളജ് എന്നിവിടങ്ങളിലും കര്‍ണാടകയില്‍ മൈസൂരു ടി.വി.എസ് മോട്ടോഴ്‌സ് ഫാക്‌ടറി, തമിഴ്‌നാട്ടില്‍ ഹൊസൂര്‍ ടി.വി.എസ് മോട്ടോഴ്‌സ് ഫാക്‌ടറി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ടി.വി.എസ് മോട്ടോഴ്‌സിന്റെ സഹകരണത്തോടെ ആണ് പദ്ധതി നിര്‍വഹണം.
ചിത്രശലഭങ്ങളെക്കുറിച്ച് ശാസ്‌ത്രീയമായി പഠിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്‌തരാക്കുക, ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, പ്രകൃതി നിരീക്ഷണ പാടവം മെച്ചപ്പെടുത്തുക തുടങ്ങിയവ പദ്ധതി ലക്ഷ്യങ്ങളാണെന്ന് ഫേണ്‍സ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി.എ. അരുണ്‍, പ്രോജക്‌ട് ഫീല്‍ഡ് കോ ഓര്‍ഡിനേറ്റര്‍ പി.എ. അജയന്‍ പറഞ്ഞു. ശലഭനിരീക്ഷണം ഹോബിയാക്കിയവര്‍ക്കും പ്രയോജനപ്പെടുംവിധമാണ് പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്. ചിത്രശലഭങ്ങള്‍ക്ക് തേന്‍ ശേഖരിക്കുന്നതിന് ആവശ്യമായ സസ്യങ്ങള്‍, വ്യത്യസ്‌തയിനം പൂമ്ബാറ്റകളുടെ ശലഭപ്പുഴുക്കള്‍ക്ക് ആഹാരത്തിന് ഉതകുന്ന സസ്യങ്ങള്‍, പൂമ്ബാറ്റകള്‍ ആല്‍ക്കലോയ്‌ഡുകള്‍ ശേഖരിക്കുന്ന ഇനങ്ങളില്‍പ്പെട്ട സസ്യങ്ങള്‍ എന്നിവ ഉദ്യാനങ്ങളില്‍ നട്ടുപരിപാലിക്കും.
നഴ്‌സറികളില്‍ തയാറാക്കിയ വിവിധ ഇനം സസ്യങ്ങളുടെ 6,000ല്‍പരം തൈകള്‍ ഉദ്യാനങ്ങളില്‍ നടുന്നതിന് വിതരണം ചെയ്‌തിട്ടുണ്ട്. ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങളും തേന്‍ കുടിക്കാനുള്ള സസ്യങ്ങളും ഉദ്യാനങ്ങളില്‍ വളര്‍ത്തുകവഴി ശലഭങ്ങളുടെ സംരക്ഷണം സാധ്യമാകും. വയനാട്ടില്‍ നടപ്പാക്കുന്ന വിവിധ പരിസ്‌ഥിതി പുനഃസ്‌ഥാപന പരിപാടികളില്‍ ശലഭങ്ങളുടെ ഭക്ഷണസസ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിന് ആവശ്യമായ തൈകള്‍ വിതരണം ചെയ്ുകയും പദ്ധതയി ലക്ഷ്യമാണ്. ചിത്രശലഭങ്ങളുടെ ദേശാടനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തുന്ന ഫേണ്‍സ് ക്ലാസുകളും ചിത്രശലഭങ്ങളെ തിരിച്ചറിയാന്‍ പഠിപ്പിക്കുന്നതിന് ശില്‍പശാലകളും നടത്തുന്നുണ്ട്