അനധികൃത ഈട്ടി മുറി:വനം വകുപ്പിനു വീഴ്ചയെന്നു സി പി ഐ
കല്‍പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍ നിന്നു അനധികൃതമായി മുറിച്ചതിനെത്തുടര്‍ന്നു പിടിച്ചെടുത്ത ഈട്ടിത്തടികളുടെ സംരക്ഷണത്തില്‍ വനം വകുപ്പ് വരുത്തുന്ന വീഴ്ചയ്‌ക്കെതിരേ അവതരിപ്പിച്ച പ്രമേയത്തിന് സിപിഐ ജില്ലാ സമ്മേളനത്തില്‍ അംഗീകാരം. കല്‍പറ്റയില്‍നിന്നുള്ള പ്രതിനിധികളില്‍ ഒരാള്‍ അവതരിപ്പിച്ച പ്രമേയമാണ് ബത്തേരി ചീരാലില്‍ നടന്ന സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്.
റവന്യു വകുപ്പിന്റെ 2020 മാര്‍ച്ചിലെ പരിപത്രവും ഒക്ടോബറിലെ ഉത്തരവും മറയാക്കിയാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ ഈട്ടമുറി നടന്നത്. പരിപത്രവും ഉത്തരവും സര്‍ക്കാര്‍ പിന്നീട് അസാധുവാക്കിയിരുന്നു.
15 കോടി രൂപ വിലമതിക്കുന്ന ഈട്ടികളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ചത്. തൃക്കൈപ്പറ്റ വില്ലേജിലും അനധികൃത ഈട്ടിമുറി നടന്നു. തടികള്‍ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടിയിലെ ഡിപ്പോയിലേക്ക് മാറ്റിയത്. അഞ്ച് മഴക്കാലം നേരിട്ട ഈട്ടിത്തടികള്‍ നിയമക്കുരുക്കുകളില്‍പ്പെട്ട് അവിടെത്തന്നെ കിടന്നു നശിക്കുകയാണ്. വനം അധികാരികളുടെ അനാസ്ഥയാണ് പൊതുമുതല്‍ നശിക്കുന്നതിന് കാരണം.
വനം വകുപ്പിന്റെ കസ്റ്റഡിയിലുള്ള തടികള്‍ വിട്ടുകിട്ടുന്നതിന് മരംമുറിക്കേസിലെ പ്രതികളില്‍ ചിലര്‍ കോടതിയെ സമീപിച്ചിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. ഹര്‍ജിയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ തടികള്‍ നശിക്കാതെ സൂക്ഷിക്കുന്നതിന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രതികള്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തടികള്‍ക്ക് മതിയായ സംരക്ഷണം ഒരുക്കി വിവരം ഒരു മാസത്തിനകം അറിയിക്കണമെന്ന് 2023 ജനുവരി ആറിന് കോടതി ഉത്തരവായി. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും വനം വകുപ്പ് കോടതി ഉത്തരവ് നടപ്പാക്കിയില്ല.
ലേലം ചെയ്യുകയും തുക പൊതുഖജനാവില്‍ സൂക്ഷിക്കുകയും ചെയ്താല്‍ തടികള്‍ നശിക്കുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാം. എന്നാല്‍ വനം വകുപ്പ് ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കുന്നില്ല. അനധികൃതമായി മുറിച്ച മുഴുവന്‍ ഈട്ടിയും കസ്റ്റഡിയിലെടുക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് വനം ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് പരാതി അയച്ചെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നതാണ് സമ്മേളനം അംഗീകരിച്ച പ്രമേയം