മുള്ളൻകൊല്ലിയിലെ കോൺഗ്രസിലെ പോര്; പ്രശ്നപരിഹാരത്തിന് കെപിസിസി; 15ന് ചർച്ച നടത്തുമെന്ന് സൂചന
മുള്ളൻകൊല്ലി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ മുള്ളൻകൊല്ലിയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ തർക്കം പാർട്ടി നേതൃത്വത്തിന് തലവേദനയാകുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുള്ളൻകൊല്ലി പഞ്ചായത്തിലെ കോൺഗ്രസിൽ പ്രവർത്തകർ തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന മണ്ഡലം കമ്മിറ്റിയിൽ പോലും ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായതിനെ തുടർന്ന് ഡി സി സി നേതാക്കളുടെ നേതൃത്വത്തിൽ പ്രശ്‌നപരിഹാരത്തിന് ചർച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാതെ വന്നതോടെ കഴിഞ്ഞ മാസം കെ പി സി സി ഭാരവാഹികളായ പി എം നിയാസ്, ജമീല ആലിപ്പറ്റ എന്നിവരുടെ നേതൃത്വത്തിൽ മുള്ളൻകൊല്ലിയിലെ നേതാക്കളെയും ജനപ്രതിനിധികളെയും വിളിച്ച് ചർച്ച നടത്തിയെങ്കിലും അതിലും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഡി സി സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും നേതാക്കളെ ഉൾപ്പെടെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പ്രശ്നം ഏതുവിധേനയും പരിഹരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഞായറാഴ്‌ച ഡി സി സി യോഗം തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. ഈ മാസം 15ന് കെ പി സി സി പ്രസിഡൻ്റ് ജില്ലയിലെത്തുമ്പോൾ മുള്ളൻകൊല്ലിയിലെ വിഷയം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചർച്ച ചെയ്‌ത് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ജില്ലയിൽ പാർട്ടിയുടെ ശക്തികേന്ദ്രത്തിൽ തന്നെ നേതാക്കളും പ്രവർത്തകർക്കുമിടയിൽ തർക്കം കയ്യേറ്റം വരെയെത്തിയതോടെ ഈ മാസം തന്നെ പ്രശ്നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. ഡി സി സി പ്രസിഡന്റ്റ് ഉൾപ്പെടെയുണ്ടായിരുന്ന യോഗത്തിൽ അനാവശ്യമായി പ്രശ്നമുണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. പ്രശ്‌നം പരിഹരിക്കാതെ യോഗം ചേർന്നതാണ് പാടിച്ചിറയിലെ യോഗത്തിലുണ്ടായ സംഘർഷമെന്നാണ് ആരോപിക്കുന്നത്. മൂന്നോളം ഡി സി സി ഭാരവാഹികളും, ഒരു ബ്ലോക്ക് പ്രസിഡന്റും ഉൾപ്പെടെ നേതാക്കളുള്ള പഞ്ചായത്ത് കൂടിയാണിത്. പ്രശ്നം പരിഹരിക്കേണ്ട ഈ നേതാക്കളും ഇരുചേരികളിലും ചേർന്നതോടെ കെ പി സി സി തന്നെ ഇടപെട്ടാലെ നിലവിലെ തർക്കങ്ങൾക്ക് പരിഹാരം കാണാനാവൂ എന്ന വിലയിരുത്തലിലാണ് ജില്ലാനേതൃത്വം.