ശത്രുവിന്റെ ആളില്ലാ വ്യോമ സംവിധാനം തകർക്കാൻ ഇന്ത്യയുടെ ‘അസ്ത്ര’, മിസൈൽ പരീക്ഷണം വിജയകരം
ശത്രുവിന്റെ അതിവേഗ ആളില്ലാ വ്യോമാക്രമണ സംവിധാനങ്ങൾ തകർക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷനും (ഡി.ആർ.ഡി.ഒ), വ്യോമസേനയും സംയുക്തമായി ഒഡീഷയിലെ ചാന്ദിപൂരിൽ പരീക്ഷണം നടത്തി
ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (ബി.വി.ആർ.എ.എ.എം) വിഭാഗത്തിൽപെടുന്നതാണ് അസ്ത്ര. അതിവേഗ ആളില്ലാ വ്യോമലക്ഷ്യങ്ങളെ ആകാശത്തുവച്ച് തന്നെ അസ്ത്ര നശിപ്പിച്ചുവെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു. സുഖോയ്-30 എം.കെ-1 പ്ലാറ്റ്‌ഫോമിൽ നിന്നായിരുന്നു വിക്ഷേപണം. തദ്ദേശീയമായി വികസിപ്പിച്ച റേഡിയോ ഫ്രീക്വൻസി (ആർ.എഫ്) സീക്കർ അസ്ത്രയിൽ ഘടിപ്പിച്ചിട്ടുണ്ട്. 100 കിലോമീറ്ററിലധികം ദൂരത്തുള്ളവ തകർക്കാൻ സാധിക്കും.
എയ്റോനോട്ടിക്കൽ ഡെവലപ്പ്മെന്റ് ഏജൻസി (എ.ഡി.എ), ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ), സെന്റർ ഫോർ മിലിട്ടറി എയർവർത്തിനെസ് ആൻഡ് സർട്ടിഫിക്കേഷൻ, ഡയറക്ടറേറ്റ് ജനറൽ ഓഫ് എയ്റോനോട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്, ടെസ്റ്റ് റേഞ്ച് ടീം എന്നിവയുടെ കൂടി സഹകരണത്തോടെയായിരുന്നു പരീക്ഷണം
വ്യോമ പ്രതിരോധത്തിലെ നാഴികക്കല്ല്
അസ്ത്ര മിസൈലിന്റെ പരീക്ഷണ വിജയം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിലെ നാഴികക്കല്ലാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തദ്ദേശീയ വ്യോമ പ്രതിരോധം വിജയമായതിനു പിന്നാലെയാണ് മറ്റൊരു നിർണായകനേട്ടം കൂടി രാജ്യം കൈവരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. പരീക്ഷണത്തിൽ ഉൾപ്പെട്ട സംഘങ്ങളെ ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ. സമീർ വി. കാമത്ത് അഭിനന്ദിച്ചു.