Feature NewsNewsPopular NewsRecent News

പുത്തൻ ഫീച്ചറുമായി ഗൂഗിൾ ജെമിനി; ഇനി ചിത്രങ്ങൾ വീഡിയോകളാക്കാം.

ചിത്രങ്ങൾക്ക് ജീവൻ പകരാൻ പുതിയ വീഡിയോ ജനറേഷൻ സവിശേഷതകളുമായി ഗൂഗിളിന്‍റെ എഐ അസിസ്റ്റന്‍റായ ജെമിനി എത്തുന്നു. ഏറ്റവും പുതിയ വീഡിയോ ജനറേഷൻ മോഡലായ Veo 3 ഉപയോഗിച്ച് സ്റ്റിൽ ചിത്രങ്ങളെ ആനിമേറ്റഡ് വീഡിയോ ക്ലിപ്പുകളാക്കി മാറ്റാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഗൂഗിൾ എഐ പ്രോ,ഗൂഗിൾ എഐ അൾട്രാ സബ്‌സ്‌ക്രൈബർമാർക്ക് ഈ അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

എന്താണ് ഈ പുതിയ ഫീച്ചർ?

ഗൂഗിൾ തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഈ സവിശേഷത ജെമിനി ആപ്പിൽ ലഭ്യമാകുന്നതായി പ്രഖ്യാപിച്ചത്. ഈ പുതിയ ഫീച്ചറിലൂടെ ഗൂഗിൾ എഐ അൾട്രാ, ഗൂഗിൾ എഐ പ്രോ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം എട്ട് സെക്കൻഡ് വീതമുള്ള മൂന്ന് വീഡിയോ ക്ലിപ്പുകൾ സൃഷ്ടിക്കാൻ കഴിയും. ഇതൊരു പണമടച്ചുള്ള സേവനമാണ് ഇതിനായി ഓരോ മാസവും കുറഞ്ഞത് 1950 രൂപയോളം ചെലവഴിക്കേണ്ടി വരും.

ഈ വീഡിയോ ക്ലിപ്പുകൾ ഓഡിയോയോടുകൂടിയായിരിക്കും. കൂടാതെ ജെമിനി ആപ്പിൽ നിന്ന് നേരിട്ട് ഇവ നിർമ്മിക്കാനും സാധിക്കും. ഗൂഗിളിന്റെ പ്രഖ്യാപനം അനുസരിച്ച്, ദൈനംദിന വസ്തുക്കളെ ആനിമേറ്റ് ചെയ്യാനും ഡ്രോയിംഗുകൾക്കും പെയിന്റിംഗുകൾക്കും ജീവൻ നൽകാനും പ്രകൃതിദൃശ്യങ്ങൾക്ക് ചലനം നൽകാനും ഈ സവിശേഷതയിലൂടെ സാധിക്കും.

ജെമിനി ആപ്പിൽ ചിത്രങ്ങളെ വീഡിയോകളാക്കി മാറ്റുന്നത് വളരെ ലളിതമാണ്. ഇതിനായി ആദ്യം ജെമിനി ആപ്പ് തുറക്കുക. തുടർന്ന്, പ്രോംപ്റ്റ് ബോക്സിലെ ടൂൾബാറിൽ നിന്ന് ‘വീഡിയോകൾ’ (Videos) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോട്ടോ ഗാലറിയിൽ നിന്ന് വീഡിയോ ആക്കാൻ ആഗ്രഹിക്കുന്ന ചിത്രം തിരഞ്ഞെടുക്കുക. ശേഷം, ആ ചിത്രത്തെ അടിസ്ഥാനമാക്കി ഒരു വീഡിയോ ഉണ്ടാക്കാൻ ജെമിനിക്ക് വിശദമായ നിർദ്ദേശങ്ങൾ നൽകുക. ഏത് തരം ആനിമേഷനാണ് വേണ്ടത്, പശ്ചാത്തലം എന്തായിരിക്കണം, ഓഡിയോ എങ്ങനെയായിരിക്കണം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം. ഈ നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞാൽ, ഏതാനും മിനിറ്റുകൾക്കുള്ളിൽ ജെമിനി നിശ്ചല ചിത്രത്തെ ഒരു മനോഹരമായ ചലനാത്മക വീഡിയോയാക്കി മാറ്റും.

ജെമിനിയിൽ നിർമിക്കുന്ന വീഡിയോകളിൽ ഒരു വാട്ടർമാർക്കും ഒപ്പം കാണാൻ പറ്റാത്ത ഒരു ഡിജിറ്റൽ വാട്ടർമാർക്കും ഉണ്ടാകും. ഈ വീഡിയോകളെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ ഫീഡ്ബാക്ക് ഓപ്ഷനും ഇതിലുണ്ട്. ഇത് ഗൂഗിളിന് ഈ സൗകര്യം കൂടുതൽ മികച്ചതാക്കാൻ സഹായിക്കും. കൂടാതെ, എഐ ഉപയോഗിച്ച് സിനിമകൾ ഉണ്ടാക്കാൻ ഗൂഗിൾ ഒരുക്കിയിട്ടുള്ള ‘ഫ്ലോ ടൂൾ’ എന്ന സംവിധാനത്തിലും ഈ പുതിയ ഫീച്ചർ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *