ട്രീ ബാങ്കിങ്പദ്ധതിയുമായി വനംവകുപ്പ്
കൽപറ്റ:പരമ്പരാഗത വനമേഖലയ്ക്കുപുറമെ വൃക്ഷവൽക്കരണ വ്യാപനത്തിന് വനം വകുപ്പ് ട്രീ ബാങ്കിങ് പദ്ധതി നടപ്പാക്കുന്നു. സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വര്‍ധിപ്പിച്ച് വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷകര്‍ക്കു സാമ്പത്തിക പ്രോത്സാഹനം, വാര്‍ഷിക ധനസഹായം, കാര്‍ബണ്‍ ക്രെഡിറ്റ് വരുമാനം തുടങ്ങിയ ആനുകൂല്യങ്ങള്‍ പദ്ധതിയിലൂടെ ഉറപ്പാക്കും. കര്‍ഷകര്‍ക്ക് അവരുടെ സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നടുന്നതിന് സാമ്പത്തിക സഹായം നല്‍കും. സ്വകാര്യ ഭൂമികളില്‍ മരങ്ങള്‍ നടുന്നത് പ്രോത്സാഹിപ്പിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചു പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. പ്രാദേശിക വിപണിയില്‍ തടിയുടെ വിതരണം വര്‍ധിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കും. ആദ്യഘട്ടത്തില്‍ ചന്ദന ത്തൈകള്‍ വച്ചു പിടിപ്പിക്കുന്നതിനാണു പരിഗണന നല്‍കുക. സ്വന്തമായി ഭൂമിയുള്ളവര്‍ക്കും കുറഞ്ഞത് 15 വര്‍ഷത്തെ ലീസിന് ഭൂമി കൈവശമുള്ളവര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാവാം. തൈകള്‍ നട്ടു വളര്ത്തുന്നതതിനുള്ള പ്രോത്സാഹന ധനസഹായം മൂന്നാം വര്‍ഷം മുതലാണ് നല്‍കുക. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ ധനസഹായം ലഭിക്കും. 15 വര്‍ഷത്തിനു ശേഷം ഉടമകള്‍ക്ക് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഓഫിസിന്റെ അനുമതിയോടെ മരങ്ങള്‍ സ്വന്തം ആവശ്യത്തിനു മുറിച്ച് ഉപയോഗിക്കുകയോ വില്പന നടത്തുകയോ ചെയ്യാം.
വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ തേക്ക്, റോസ് വുഡ്, ചന്ദനം, പ്ലാവ്, കാട്ടുപ്ലാവ്, തമ്പകം, കരിമരുത്, കുമ്പിള്, വെണ്ടേക്ക്, മഹാഗണി, ആഞ്ഞിലി, തുടങ്ങിയ തദ്ദേശീയ ഇനങ്ങളാണു പദ്ധതിയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന വാണിജ്യ മൂല്യമുള്ള ചന്ദന തൈകളാണ് പദ്ധതിയില്‍ നട്ടുപിടിപ്പിക്കുക. തൈകളുടെ വലിപ്പമനുസരിച്ച് 55 രൂപയും 23 രൂപയും വിലയുള്ള തൈകള്‍ വനം വകുപ്പ് സൗജന്യമായി നല്‍കും. നട്ടുപിടിപ്പിച്ച മരങ്ങളുടെ എണ്ണം കണക്കാക്കി ഓരോ വര്‍ഷവും ഒരു മരത്തിന് 10 രൂപ മുതല്‍ 30 രൂപ വരെ പ്രോത്സാഹനം ലഭിക്കുന്നതാണ് പദ്ധതിയുടെ നേട്ടം. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങി മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ട ആവശ്യകത അനിവാര്യമാണ്. സ്വകാര്യ ഭൂമിയിലെ കാര്‍ഷിക വനവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പദ്ധതിയിലൂടെ ജൈവവൈവിധ്യത്തെയും കാലാവസ്ഥാ പ്രതിരോധത്തെയും പിന്തുണയ്ക്കുന്നു. കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുകന്നതിനു പുറമെ സംസ്ഥാനത്തെ കാര്‍ബണ്‍ ന്യൂട്രലാക്കുകയാണ് ലക്ഷ്യം.