Event More NewsFeature NewsNewsPoliticsPopular NewsUncategorized

വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഒ.ആര്‍ കേളു.

തരുവണ: വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഒ.ആര്‍ കേളു. തരുവണ ഗവയു.പി സ്‌കൂളിലെ ജില്ലാതല ക്രീയേറ്റീവ് കോര്‍ണര്‍, വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഠന മേഖലയില്‍ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ കുട്ടികളുടെ അഭിരുചിക്കനുസൃതമായ കഴിവുകളില്‍ മികവ് പുലര്‍ത്താനാവശ്യമായ സൗകര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് മുഖേന ഒരുക്കുകയാണ് സര്‍ക്കാര്‍.

പഠനം കൂടുതല്‍ ആകര്‍ഷകവും ആസ്വാദ്യകരവുമാക്കുക, വിദ്യാര്‍ഥികളുടെ കഴിവുകളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുക, പഠനത്തിനും താൽപര്യങ്ങള്‍ക്കും അനുസൃതമായി അവധിക്കാലങ്ങളില്‍ പരിശീലനം നല്‍കുക, പാഠ്യേതര വിഷയങ്ങളിലും അധ്യാപകര്‍ക്കും ഇടയിലുള്ള അന്തരം നികത്തുക, തൊഴില്‍ സംസ്‌കാരം വളര്‍ത്തുക, പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിലൂടെ ക്ലാസ് മുറിയിലെ പ്രവര്‍ത്തനങ്ങള്‍ പുറം ലോകവുമായി ബന്ധിപ്പിച്ച് വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക, ഏത് തൊഴിലിനും ആദരവ് നല്‍കി വിദ്യാര്‍ഥികളെ സമര്‍ത്ഥരും ഉത്തരവാദിത്തമുള്ളവരാക്കുക എന്നിവയാണ് ക്രിയേറ്റീവ് കോര്‍ണറിന്റെ ലക്ഷ്യം.

പാഠ്യ വിഷയങ്ങള്‍ക്കൊപ്പം കൃഷി, വയറിങ്, ഫാഷന്‍ ടെക്‌നോളജി, പാചകം, മരപ്പണി, ഇലക്ട്രോണിക്‌സ്, പ്ലംബിങ് തുടങ്ങിയ മേഖലകള്‍ വിദ്യാര്‍ഥികളെ പരിചയപ്പെടുത്തി പരിശീലിപ്പിക്കുന്ന നൂതന സംവിധാനമാണ് പദ്ധതിയിലുള്ളത്. ഒരു സ്‌കൂളില്‍ 5.50 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. മാനന്തവാടി യുപി സ്‌കൂള്‍, ഇരുളം ഹൈസ്‌കൂള്‍, ചേനാട് ഹൈസ്‌കൂള്‍, കല്ലങ്കര യുപി സ്‌കൂള്‍, കണിയാമ്പറ്റ യുപി സ്‌കൂള്‍, പുളിയാര്‍മല യുപി സ്‌കൂള്‍, തലപ്പുഴ യുപി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തില്‍ ക്രിയേറ്റീവ് കോര്‍ണര്‍ നടപ്പാക്കുന്നത്.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ സല്‍മത്ത്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ ശശീന്ദ്രവ്യാസ്, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി.അനില്‍കുമാര്‍, മാനന്തവാടി ബ്ലേക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ സുരേഷ്, തരുവണ ജി.എച്ച്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പൽ ഇന്‍-ചാര്‍ജ് എം. പ്രദീപ് കുമാര്‍, പ്രധാനാധ്യാപകന്‍ എം. മുസ്തഫ, തരുവണ യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എം കെ സൂപ്പി മൗലവി, എസ്.എം.സി ചെയര്‍മാന്‍ നാസര്‍ സവാന്‍, കെ.സി.കെ നജ്മുദ്ദീന്‍, പഞ്ചായത്തംഗങ്ങള്‍, പി.ടി.എ അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *