അന്യസംസ്ഥാന വാഹനങ്ങളുടെ നികുതിവെട്ടിപ്പ് തടയാൻ ഇനി എഐ ക്യാമറ
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് റോഡ് നികുതിവെട്ടിപ്പ് തടയാൻ എഐ ക്യാമറ സംവിധാനത്തെ സജ്ജമാക്കുന്നു. ജിഎസ്ടി വകുപ്പിന്റെ സഹകരണത്തോടെയാണിത് നടപ്പാക്കുക. ഇതിനായി സംസ്ഥാനത്തേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങളുടെ വിവരങ്ങൾ ചെക്പോസ്റ്റുകളിൽ ജിഎസ്ടി വിഭാഗം സ്ഥാപിച്ച ഓട്ടോമേറ്റഡ് നമ്പർപ്ലേറ്റ് റെക്കഗനേഷൻ ക്യാമറകൾ ശേഖരിച്ച് ‘വാഹൻ’ സോഫ്റ്റ്‌വെയറിലേക്ക് കൈമാറും. ചിത്രത്തിൽ നിന്ന് വാഹനത്തിൻ്റെ നമ്പർ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണിത്. ഇതിനുള്ള സോഫ്റ്റ്‌വെയർ സംയോജനം പൂർത്തിയായി. ഒരുമാസത്തിനുള്ളിൽ ഇത് പ്രവർത്തനക്ഷമമാകും.സംസ്ഥാനത്തേക്ക് കടന്ന് നിശ്ചിതസമയത്തിനുള്ളിൽ തിരികെപ്പോകാത്ത വാഹനങ്ങളുടെ വിവരങ്ങളും സംവിധാനത്തിലൂടെ മോട്ടോർ വാഹനവകുപ്പിന് ലഭിക്കും. നികുതി വെട്ടിക്കാൻ ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന ആഡംബരവാഹനങ്ങളെയും ഇതിലൂടെ കണ്ടെത്താൻ കഴിയും. 12 മാസത്തിലധികമായി വാഹനം സംസ്ഥാനത്ത് ഉപയോഗിക്കുകയാണെങ്കിൽ നികുതിയടച്ച് പുതിയ രജിസ്ട്രേഷൻ നേടണമെന്നാണ് കേന്ദ്ര മോട്ടോർവാഹനചട്ടം. ഈ വാഹനങ്ങൾ സംസ്ഥാനത്തേക്ക് കടന്ന തീയതി സംബന്ധിച്ച് തെളിവില്ലാത്തതിനാൽ നേരത്തേ കേസെടുക്കാൻ കഴിഞ്ഞിരുന്നില്ല.അതേസമയം, പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് ഡൽഹിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇവിടെ നിന്ന് സംസ്ഥാനത്തേക്ക് വൻതോതിൽ വാഹനങ്ങൾ എത്തുന്നുണ്ട്. ഇവ നികുതിയടയ്ക്കാതെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാൻ നോഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടി 14 ദിവസം കഴിഞ്ഞാൽ റോഡ് നികുതി അടയ്ക്കേണ്ടിവരും