പണം വാങ്ങി മയക്കുമരുന്ന് കേസ് ഒതുക്കൽ; ടി.സിദ്ദിഖ് എംഎൽഎയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം: കെ.റഫീഖ്
കൽപ്പറ്റ: വാഹനാപകടത്തിൽ പരിക്കേറ്റയാളിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത് പണം വാങ്ങി ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ ടി.സിദ്ദിഖ് എംഎൽഎയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു. പണം വാങ്ങിയ എംഎൽഎയുടെ മുൻഗൺമാൻ കെ വി സ്‌മിബിനെ വയനാട് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തിട്ടുണ്ട്. എംഎൽഎ ഓഫീസിലെ ജീവനക്കാരന് നൽകാനാണെന്ന് പറഞ്ഞാണ് സ്‌മിബിൻ പണം വാങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ലഹരിക്കെതിരെ സംസ്ഥാന സർക്കാരും പൊതുസമൂഹവും കർശന നിലപാട് സ്വീകരിക്കുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമ്പോഴാണ് എംഎൽഎയുടെ ഓഫീസ് ലഹരിക്കടത്തുകാരെ സംരക്ഷിക്കുന്നതെന്നും കെ റഫീഖ് ആരോപിച്ചു.
കഴിഞ്ഞ മാർച്ചിൽ ലക്കിടിയിൽ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്കേറ്റു. വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ച ഇയാളുടെ പോക്കറ്റിൽനിന്ന് കഞ്ചാവും 29 മോർഫിൻ ഗുളികളും കഞ്ചാവ് വലിക്കുന്ന പൈപ്പും ഡോക്ടർമാർ കണ്ടെടുത്തു. സംഭവത്തിൽ സ്‌മിബിൻ പണം വാങ്ങി ലഹരിക്കേസ് ഒഴിവാക്കാനിടപെടുകയും ചെയയ്തു. ഭീഷണിപ്പെടുത്തി കാർ യാത്രികന്റെ സുഹൃത്തിൽനിന്ന് മൂന്ന് തവണയായി ഒന്നരലക്ഷം രൂപ വാങ്ങിയെന്നാണ് മാനന്തവാടി ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
ടി സിദ്ദിഖ് എംഎൽഎയുടെ സ്റ്റാഫിന് നൽകാനാണെന്നാണ് പറഞ്ഞാണ് പണം വാങ്ങിയത്. പിന്നീട് രണ്ടര ലക്ഷം രൂപകൂടി ആവശ്യപ്പെടുകയും ചെയ്തു. എംഎൽഎയുടെ ഓഫീസിലെ ജീവനക്കാരന് പണം നൽകണമെന്ന് പറയുന്ന ഇയാളുടെ ഫോൺ സംഭാഷണവും കേസ് ഒതുക്കാൻ നടത്തിയ വാട്‌സാപ് ചാറ്റുകളും വോയിസ് മെസേജുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ എംഎൽഎ ഓഫീസിന്റെ പങ്ക് പുറത്തുവന്നിട്ടും ടി സിദ്ദിഖ് എംഎൽഎയുടെ മൗനം ദുരൂഹമാണ്. ഈ സാഹചര്യത്തിൽ, കഞ്ചാവ് കടത്തുകാരെ സംരക്ഷിക്കാൻ ഇടപെട്ട എംഎൽഎയുടെ ഓഫീസിൻ്റെ പങ്ക് വിശദമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും കെ റഫീഖ് ആവശ്യപ്പെട്ടു