Feature NewsNewsPopular NewsRecent News

രോഗ ചികിത്സക്കായി ഗോമൂത്രം ഉപയോഗിക്കാൻ യുപി സർക്കാർ

ഉത്തർപ്രദേശ്: ഗോമൂത്രവും മറ്റ് പശു ഉൽപ്പന്നങ്ങളും ഉപയോഗിച്ച് മരുന്നുകൾ നിർമിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ഒരു പുതിയ ആരോഗ്യ പദ്ധതി ആരംഭിച്ചതായി റിപ്പോർട്ട്. കൂടുതൽ ആളുകൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ ഈ ചികിത്സകൾ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പഴയ ആയുർവേദ അറിവുകൾ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദേശമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈ സംരംഭത്തിന്റെ കീഴിൽ ടൂത്ത് പേസ്റ്റ്, തൈലങ്ങൾ, സിറപ്പുകൾ തുടങ്ങിയ ആയുർവേദ വസ്തുക്കൾ വികസിപ്പിക്കും. പശുവിൻ പാൽ, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവയുടെ പരമ്പരാഗത മിശ്രിതമായ പഞ്ചഗവ്യത്തിൽ നിന്നാണ് ഇവ നിർമിക്കുന്നത്. ഇവയിൽ ഗോമൂത്രം പ്രത്യേകിച്ചും പ്രധാനപ്പെട്ടതായി കാണുന്നു.

ഗോമൂത്രത്തിന് പ്രത്യേക രോഗശാന്തി ശക്തിയുണ്ടെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, സന്ധിവാതം, ആസ്ത്മ, സൈനസ് അണുബാധ, വിളർച്ച, ചർമരോഗങ്ങൾ എന്നിവയുൾപ്പെടെ പത്തൊൻപത് രോഗങ്ങൾ ചികിത്സിക്കാൻ ഇത് സഹായിക്കുമെന്ന് അവർ പറയുന്നു. ഈ അവകാശവാദങ്ങളെക്കുറിച്ച് വിദഗ്‌ധർ ഇപ്പോഴും ചർച്ച ചെയ്യുന്നുണ്ടെങ്കിലും ശരിയായ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് സർക്കാർ പറയുന്നു. ഈ പദ്ധതി രോഗികൾക്ക് മാത്രമല്ല ഗ്രാമപ്രദേശങ്ങളിലെ ദരിദ്ര സമൂഹങ്ങൾക്കും സഹായകമാകുമെന്ന് ഉത്തർപ്രദേശ് ഗൗസേവ കമ്മീഷന്റെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ ഡോ. അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞതായി ദി ഒബ്‌സർവർ പോസ്റ്റ് റിപ്പോർട്ട് ചെയുന്നു.

ഈ മരുന്നുകൾ ശാസ്ത്രീയമായ രീതിയിലാണ് നിർമിക്കുന്നത്. അവ രോഗികളെ സഹായിക്കുക മാത്രമല്ല പശുസംരക്ഷകർ, കർഷകർ, ഗ്രാമീണ യുവാക്കൾ എന്നിവർക്ക് ജോലി നൽകുകയും ചെയ്യും.’ ഡോ. അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. ഫണ്ടിംഗിനും പരിപാലനത്തിനും പലപ്പോഴും ബുദ്ധിമുട്ടുന്ന പശു ഷെൽട്ടറുകൾക്ക് ഈ പദ്ധതി പുതിയൊരു ലക്ഷ്യം നൽകുമെന്നും ഡോക്ട‌ർ കൂട്ടിച്ചേർത്തു. ആയുർവേദം, യുനാനി തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആയുഷ് വകുപ്പും ഈ പദ്ധതിയെ പിന്തുണക്കുന്നു. ഇന്ത്യൻ പാരമ്പര്യങ്ങളെയും പശുക്കളെയും സംരക്ഷിക്കുന്നതിന് എന്ന് അവകാശപ്പെടുന്ന ഈ നീക്കത്തെ ചിലർ പ്രശംസിക്കുമ്പോൾ മറ്റു ചിലർ ഗോമൂത്രത്തിൻ്റെ മെഡിക്കൽ മൂല്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതിന് മുമ്പ് പൂർണ ഗവേഷണ ഡാറ്റ പുറത്തുവിടണമെന്ന് ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്‌ധരും സർക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *