‘അവൻ പതിവില്ലാതെ കുരയ്ക്കാനും ഓരിയിടാനും തുടങ്ങി’; തെരുവു നായയുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് 67 ജീവനുകൾ
തെരുവു നായയുടെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് 67 ജീവനുകൾ. പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ നിന്നാണ് ആശ്വാസ വാർത്ത.
ജൂൺ 30 ന് അർദ്ധരാത്രി 12 നും ഒന്നിനും ഇടയിലാണ് സംഭവം നടന്നതെന്ന് മാണ്ഡി ധരംപൂർ സിയാത്തി നിവാസിയായ നരേന്ദ്ര പറഞ്ഞു. വീടിൻ്റെ രണ്ടാം നിലയിൽ ഉറങ്ങുകയായിരുന്ന നായ, അർദ്ധരാത്രിയിൽ പതിവില്ലാത്ത രീതിയിൽ ഉച്ചത്തിൽ കുരയ്ക്കാനും ഓരിയിടാനും തുടങ്ങി. കുരയ്ക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്..
ഞാൻ അവൻ്റെ അടുത്ത് ചെന്ന് നോക്കിയപ്പോൾ വീടിൻ്റെ ചുമരിൽ ഒരു വലിയ വിള്ളൽ കണ്ടു, വെള്ളം അകത്തുകടക്കാൻ തുടങ്ങിയിരുന്നു. ഞാൻ നായയുമായി താഴേക്ക് ഓടി എല്ലാവരെയും ഉണർത്തി. ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറി. തൊട്ടുപിന്നാലെയാണ് ഗ്രാമത്തെ ഒന്നടങ്കം വിഴുങ്ങി മണ്ണിടിച്ചില്‍ ഉണ്ടായത്. 12ല്‍ അധികം വീടുകള്‍ മണ്ണിനടിയിലായി.. ഗ്രാമത്തിൽ ഇപ്പോൾ നാലോ അഞ്ചോ വീടുകൾ മാത്രമേ ബാക്കിയുള്ളൂ. ബാക്കിയെല്ലാം മണ്ണിനടിയിലായി, ജീവൻ ബാക്കിയായ ആശ്വാസത്തിൽ നരേന്ദ്ര പറഞ്ഞു.
മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും എൺപതോളം പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. മാണ്ഡി ജില്ലയിലാണ് ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത്. 28 പേർ റോഡപകടങ്ങളിലാണ് മരിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു