പഠനത്തോടൊപ്പം ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു
മാനന്തവാടി:വിദ്യാർഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരിക ക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു.
മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിക്കു കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും 1.35 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനൊപ്പം ലഹരിക്കെതിരെയുള്ള അവബോധം അധ്യാപകരും രക്ഷിതാക്കളും നൽകണം. വിദ്യാർഥികൾക്ക് അവർ ഇഷ്ടപ്പെടുന്ന കായിക ഇനത്തിൽ മെച്ചപ്പെട്ട സംവിധാനം ഒരുക്കാൻ സ്കൂളുകൾ തയാറാവണമെന്ന് മന്ത്രി പറഞ്ഞു. 10000 ചതുരശ്ര അടി വലിപ്പമുള്ള ഓഡിറ്റോറിയം മാനന്തവാടി താലൂക്കിലെ ഏറ്റവും വലിയ ഓഡിറ്റോറിയമാണ്.
കുട്ടികൾ മൊബൈൽ ഫോണിന് അടിമകളാകരുതെന്നുംലഹരി വസ്തുക്കൾ തടയുന്നതിനും മികച്ച പഠനനിലവാരം കൈവരിക്കുന്നതിനും അധ്യാപകരും രക്ഷിതാക്കളും പറയുന്ന കാര്യങ്ങൾ കൃത്യമായി അനുസരിക്കണമെന്നും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി പറഞ്ഞു.
ഉജ്ജ്വലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവിദ്യാര്‍ഥികളെയും എല്‍എസ്എസ്, എന്‍എംഎംഎസ്, യുഎസ്എസ് വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും അനുമോദിച്ചു. ഉജ്ജ്വലം ഓപ്പൺ ന്യൂസർ ലഹരിവിരുദ്ധ റീൽസ് മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി അധ്യക്ഷയായ പരിപാടിയില്‍ സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, മാനന്തവാടി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സെബാസ്റ്റ്യന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി വി ബാലകൃഷ്ണന്‍, എല്‍സി ജോയി, സുധി രാധാകൃഷ്ണന്‍, അഹമ്മദ് കുട്ടി ബ്രാന്‍, മാനന്തവാടി ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പൽ പി സി തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം സുനില്‍ കുമാര്‍, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, വകുപ്പ് ഉദ്യോഗസ്ഥർ, കൗൺസിലർമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ, തുടങ്ങിയവര്‍ പങ്കെടുത്തു