വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വനിതാ മുന്നേറ്റം മാതൃകാപരം
മാനന്തവാടി:സംസ്ഥാനത്ത് സ്ത്രീ സുരക്ഷ-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വനിതാ മുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ.ആര്‍ കേളു. സംസ്ഥാന വനിതാ കമ്മിഷന്‍ മാനന്തവാടി ബ്ലോക്ക്പഞ്ചായത്തുമായി സഹകരിച്ച് ഗ്രീന്‍സ് റസിഡന്‍സിയില്‍ സംഘടിപ്പിച്ച സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകള്‍ക്ക് തുല്യ അവകാശവും അവസരവും ഒരുക്കുന്നതില്‍ കേരളം ഒന്നാമതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അസ്വാതന്ത്ര്യം അനുഭവിച്ചിരുന്ന സ്ത്രീ സമൂഹത്തെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും തുടര്‍ന്ന് വിദ്യാലയങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും എത്തിച്ചതിന് പിന്നില്‍ പ്രക്ഷോഭങ്ങളുടെ വലിയ ചരിത്രം തന്നെയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തി മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളും കാരണമായിട്ടുണ്ട്. പുരുഷന് തുല്യമായി സമൂഹത്തില്‍ വനിതകള്‍ക്ക് അവസരങ്ങള്‍ സാധ്യമാക്കുകയാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. ലോകത്തിന് മാതൃകയായ കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ നിശ്ചയദാര്‍ഡ്യവും അര്‍പ്പണ മനോഭാവവും തെളിമയോടെ പ്രതിഫലിപ്പിക്കുകയാണ്. സ്ത്രീപക്ഷ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ അനില്‍കുമാര്‍ ആലാത്തുപറമ്പും സൈബര്‍ ലഹരി വീട്ടിടങ്ങളില്‍ എന്ന വിഷയത്തില്‍ രാധാകൃഷ്ണന്‍ കാവുംമ്പായിയും ക്ലാസുകള്‍ നയിച്ചു. വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ അധ്യക്ഷയായ സെമിനാറില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക-തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഹമ്മദ് കുട്ടി ബ്രാന്‍, എല്‍സി ജോയ്, മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി,വനിതാ കമ്മിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ എസ്. സന്തോഷ് കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, സി.ഡി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു